
സാന്‍റോറിനി: ഗ്രീക്ക് ദ്വീപായ സാന്‍റോറിനിയിൽ വരാൻ പോകുന്നത് വലിയ ഭൂചലനമെന്ന് മുന്നറിയിപ്പ്. വിനോദ സഞ്ചാര കേന്ദ്രമായ ദ്വീപിൽ നിന്നും വലിയ രീതിയിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചതിന് പിന്നാലെയാണ് ഭൂകമ്പ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. മൂന്ന് ദിവസത്തിനിടെ 550 ഭൂചലനങ്ങൾ ഉണ്ടായതിന് പിന്നാലെ സാന്‍റോറിനിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച .2 തീവ്രതയുള്ള ചലനം രേഖപ്പെടുത്തിയതിന് പിന്നാലെ 11000ലേറെ ആളുകളെയാണ് ദ്വീപിൽ നിന്ന് മാറ്റിപ്പാർപ്പിച്ചത്.
യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ കേന്ദ്രത്തിലെ ജനറൽ സെക്രട്ടറിയായ റെമി ബോസുവാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾക്കുള്ളിൽ ദ്വീപ് നേരിടാൻ പോവുന്നത് അതിശക്തമായ ഭൂചലനങ്ങളാണെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. നിലവിൽ ഏറെക്കുറെ ഒഴിഞ്ഞ അവസ്ഥയിലാണ് സാന്‍റോറിനി ദ്വീപുള്ളത്. കഴിഞ്ഞ ആഴ്ച മുതലാരംഭിച്ച ചലനങ്ങളിൽ ഏറ്റവും വലുതായിരുന്നു ബുധനാഴ്ചയുണ്ടായ ചലനം. ആഫ്രിക്കൻ യൂറേഷ്യൻ ടെക്ടോണിക് പ്ലേറ്റുകളുടെ അതിരിൽ നില കൊള്ളുന്ന ദ്വീപിൽ ചെറിയ രീതിയിലുള്ള ഭൂചലനങ്ങൾ പതിവാണ്. എന്നാൽ വളരെ ശക്തമായ ചലനങ്ങൾ ദ്വീപിൽ അപൂർവ്വമായാണ് സംഭവിച്ചിട്ടുള്ളത്.
സാന്‍റോറിനിക്ക് പുറമേ സമീപത്തെ അമോർഗസ് ദ്വീപിലും ഭൂകമ്പം സാരമായ രീതിയിൽ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. അസാധാരണമായ രീതിയിലുള്ള ഭൂകമ്പങ്ങളുടെ ശ്രേണിയാണ് മേഖലയിലുണ്ടാവുന്നതെന്നാണ് റെമി ബോസു വിശദമാക്കുന്നത്. സാധാരണയായി ഒരു പ്രധാന ചലനത്തിന് പിന്നാലെ ചെറുചലനങ്ങൾ ഉണ്ടാവുകയും അവയുടെ പ്രഭാവം കുറയുന്നതുമാണ് പതിവ്. എന്നാൽ സാന്‍റോറിനിയിൽ ഈ തുടർ ചലനങ്ങൾ കൂടുതൽ കൂടുതൽ ശക്തി പ്രാപിക്കുകയാണ് ചെയ്യുന്നത്. നൂറ് കണക്കിന് പ്രകമ്പനങ്ങളാണ് സാന്‍റോറിനിയിൽ ഓരോ മിനിറ്റിലും അനുഭവപ്പെടുന്നത്. ഇത് വലിയ ഭൂചലനത്തിന് മുന്നോടിയായുള്ള ഫോർഷോക്ക് എന്ന പ്രതിഭാസമാണെന്നാണ് മുന്നറിയിപ്പ്.
3 ദിവസത്തിൽ 550 ഭൂചലനം, ഗ്രീക്ക് ദ്വീപിൽ അടിയന്തരാവസ്ഥ, സുനാമി ഭീഷണിക്ക് പിന്നാലെ സ്കൂളുകൾക്ക് അവധി
വെള്ളിയാഴ്ച രാവിലെ ഗ്രീക്ക് പ്രധാനമന്ത്രി ദ്വീപിൽ സന്ദർശനം നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ഓരോ വർഷവും 3.4 ദശലക്ഷം വിനോദ സഞ്ചാരികളാണ് ഈ ഗ്രീക്ക് ദ്വീപിലേക്ക് എത്താറുള്ളത്. സാന്‍റോറിനി ദ്വീപിനും 25 കിലോമീറ്റർ അകലെയായാണ് നിലവിലെ പ്രകമ്പനങ്ങളുടെ പ്രഭവകേന്ദ്രമെന്നാണ് റെമി ബോസു വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം