
ഇസ്ലാമാബാദ്: ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇന്ത്യയ്ക്ക് കൈമാറുന്നതിന് തന്‍റെ രാജ്യത്തിന് എതിർപ്പില്ലെന്ന പാക് മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയുടെ പരാമർശം വിവാദത്തിൽ. ബിലാവലിന്റെ പരാമർശത്തിനെതിരെ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് രംഗത്തെത്തി. ബിലാവലിന്റെ വാക്കുകൾ ആഗോള തലത്തിൽ പാകിസ്ഥാന് അപമാനം വരുത്തിവെച്ചുവെന്നാണ് തൽഹ സയീദിന്‍റെ പ്രതികരണം.
ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിനെയും ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെയും ഇന്ത്യക്ക് കൈമാറുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പിപിപി നേതാവ് ബിലാവൽ ഭൂട്ടോ. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ 'സഹകരിക്കാൻ സന്നദ്ധത' കാണിക്കുകയാണെങ്കിൽ ഈ വ്യക്തികളെ കൈമാറാൻ പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ പറഞ്ഞത്. "തീവ്രവാദം ഞങ്ങൾ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ ഒന്നാണ്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ ചെയർമാനായ ഞാൻ, കൈമാറ്റത്തെ എതിർക്കില്ല" എന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദ് നിലവിൽ ഭീകരവാദ ഫണ്ടിംഗ് കേസിൽ 33 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. പിടികിട്ടാപ്പുള്ളി മസൂദ് അസ്ഹർ 2001-ലെ പാർലമെന്റ് ആക്രമണം, 26/11 മുംബൈ ആക്രമണങ്ങൾ, 2016-ലെ പത്താൻകോട്ട് വ്യോമതാവള ആക്രമണം, 2019-ലെ പുൽവാമ ചാവേറാക്രമണം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇന്ത്യ തേടുന്ന പ്രതിയാണ്. കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നാലെ 1999-ൽ ഇയാളെ ഇന്ത്യ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ "സഹകരണമില്ലായ്മ" കാരണം അതിർത്തി കടന്നുള്ള തീവ്രവാദ കേസിൽ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും പ്രോസിക്യൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ബിലാവൽ ഭൂട്ടോ ആരോപിച്ചു.
"കുറ്റവാളികളെ ശിക്ഷിക്കുന്നതിന് ആവശ്യമായ ചില അടിസ്ഥാന കാര്യങ്ങൾ പാലിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നു. ഈ കോടതികളിൽ തെളിവുകൾ ഹാജരാക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ നിന്ന് ആളുകൾ വന്ന് സാക്ഷ്യപ്പെടുത്തണം.ആ പ്രക്രിയയിൽ സഹകരിക്കാൻ ഇന്ത്യ തയ്യാറാണെങ്കിൽ, ഏതൊരു വ്യക്തിയെയും കൈമാറുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ബിലാവൽ പറഞ്ഞു. ഹാഫിസ് സയീദ് പാക് ഭരണകൂടത്തിന്റെ കസ്റ്റഡിയിലാണെന്നും അതേസമയം മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്നും ബിലാവൽ ഭൂട്ടോ കൂട്ടിച്ചേർത്തു.മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലാണെന്നാണ് കരുതുന്നുതെന്നും അദ്ദേഹം പറഞ്ഞു.
ബിലാവലിന്റെ പരാമർശത്തോട് രോഷാകുലനായാണ് ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ് പ്രതികരിച്ചത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് അത്തരം പ്രസ്താവന നടത്തരുതായിരുന്നു. ഹാഫിസ് സയീദിനെ ഇന്ത്യക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ പാകിസ്ഥാന് അപമാനം വരുത്തിവെച്ചെന്നും തൽഹ സയീദ് കുറ്റപ്പെടുത്തി. കുടുംബവും മറ്റുള്ളവരും ഹാഫിസ് സയീദിനെ ഇന്ത്യക്ക് കൈമാറുന്നതിനെ നേരത്തെ തന്നെ ശക്തമായി എതിർത്തതാണെന്നും തൽഹ സയീദ് പറഞ്ഞു.