
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലസ്‌ഥാന സന്ദർശനത്തിനോട് അനുബന്ധിച്ച് നഗരത്തിലെമ്പാടും ബോർഡുകളും കൊടികളും സ്‌ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി ഇതുവരെ പിഴ അടച്ചില്ല. പിഴയടയ്ക്കാൻ നഗരസഭ നോട്ടീസ് നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും പിഴ ഒടുക്കിയില്ല. രണ്ടു ദിവസത്തിനകം പിഴയായ 19.97 ലക്ഷം രൂപ ഒടുക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ മാസം 23ന് നോട്ടീസ് നൽകിയത്. എന്നാൽ പാർട്ടി ഇതുവരെ പിഴ അടയ്ക്കുകയോ അപ്പീൽ നൽകുകയോ ചെയ്തിട്ടില്ല. ബിജെപി കോർപ്പറേഷൻ ഭരിക്കുമ്പോൾ പാർട്ടിക്കെതിരെ നീക്കം നടത്തിയാൽ അച്ചടക്കനടപടി ഉണ്ടാകുമോ എന്ന് ഭയന്നാണ് ഉദ്യോഗസ്ഥർ തുടർനടപടി സ്വീകരിക്കാത്തതെന്നാണ് വിവരം. ബിജെപി ജില്ലാ കമ്മിറ്റിക്ക് പിഴ നോട്ടിസ് നൽകിയ റവന്യു ഓഫിസറെ സ്ഥാനം മാറ്റിയതോടെ ജീവനക്കാർക്ക് തുടർ നടപടിക്ക് താൽപര്യമില്ലെന്നാണ് ആക്ഷേപം.
അതേസമയം, തലസ്ഥാന നഗരത്തിൽ സ്ഥാപിച്ച കഴിഞ്ഞ പരിപാടികളുടെ ഫ്ലക്സ്ബോർഡുകളു മറ്റ് ആനധികൃത കൊടികളുമെല്ലാം ഉടൻ നീക്കാൻ കരാർ കമ്പനിക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം റവന്യൂ ഓഫിസറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തീരുമാനമെടുത്തിരിക്കുന്നത്. അനുമതിയില്ലാതെ സ്‌ഥാപിക്കുന്ന ബോർഡുകൾ കണ്ടെത്തി പിഴ ഈടാക്കാനും നീക്കം ചെയ്യാനും കോർപ്പറേഷൻ സ്വകാര്യ കമ്പനിയെയൊണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഫ്ലക്സ് ബോർഡുകൾ പരിപാടികഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷവും നീക്കാതിരുന്നത് വാർത്തയായതോടെ ഇവ ജങ്ഷനുകളിൽ നിന്ന് നീക്കിയതായി റവന്യു വിഭാഗം അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam