
സിന്ധ്: പാകിസ്ഥാനിലെ ഹൈദ്രാബാദിൽ അനധികൃത പടക്കനിർമ്മാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ലത്തീഫാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ, ലഘാരി ഗോത്ത് നദിയുടെ തീരത്ത് പടക്ക നിർമ്മാണ ശാലയിലാണ് ശക്തമായ സ്ഫോടനം നടന്നത്. തുടർന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോർട്ട് ചെയ്തു.
ആറ് പേരെയാണ് പൊള്ളലേറ്റ നിലയിൽ എത്തിച്ചതെന്ന് ലിയാഖത്ത് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞു. പരിക്കേറ്റ ആറു പേരിൽ രണ്ടു പേർ ഏതാണ്ട് 100 ശതമാനം പൊള്ളലേറ്റ നിലയിലാണെന്ന് ഡോ മുഹമ്മദ് ഹുസൈൻ പറഞ്ഞു. ഇനിയും തിരിച്ചറിയാത്ത രണ്ട് പുരുഷന്മാരുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ മറ്റൊരു മൃതദേഹവും മോർച്ചറിയിൽ എത്തിച്ചു. പരിക്കേറ്റവരിൽ ഒരാൾ ചികിത്സയിലിരിക്കെ മരിച്ചു.
ലൈസൻസ് ഇല്ലാത്ത ഒരു വീട്ടിലാണ് അനധികൃതമായി പടക്കങ്ങൾ നിർമ്മിച്ചിരുന്നതെന്ന് ലാത്തിഫാബാദ് അസിസ്റ്റന്‍റ് കമ്മീഷണർ പറഞ്ഞു. ആരാണ് ഉടമസ്ഥനെന്ന് അന്വേഷണം തുടങ്ങിയെന്ന് ഹൈദരാബാദ് സീനിയർ പൊലീസ് സൂപ്രണ്ട് അദീൽ ചന്ദിയോ പറഞ്ഞു. സംഭവം നടന്നയുടൻ ആംബുലൻസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam