ടേക്ക് ഓഫിന് പിന്നാലെ പ്രധാന ടയർ നഷ്ടമായി, ഇന്ധനം കത്തിച്ച് തീർത്ത് ബോയിംഗ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്

Published : Apr 24, 2024, 03:27 PM IST
ടേക്ക് ഓഫിന് പിന്നാലെ പ്രധാന ടയർ നഷ്ടമായി, ഇന്ധനം കത്തിച്ച് തീർത്ത് ബോയിംഗ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്

Synopsis

അഗ്നി പടർന്ന് അപകടമുണ്ടാകാതിരിക്കാൻ ഇന്ധനം മുഴുവൻ ഉപയോഗിച്ച ശേഷമായിരുന്നു അടിയന്തര ലാൻഡിംഗ് നടത്തിയത്

ജൊഹനാസ്ബർഗ്: ടേക്ക് ഓഫിനിടെ പ്രധാന ചക്രങ്ങളിലൊന്ന് ഊരിത്തെറിച്ചു. അടിയന്തര ലാൻഡിംഗ് നടത്തി ബോയിംഗ് 737 വിമാനം. ദക്ഷിണാഫ്രിക്കയിൽ ഞായറാഴ്ചയാണ് സംഭവം. ഫ്ലൈസഫയർ എയർലൈനിന്റെ വിമാനത്തിനാണ് എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വന്നത്. ടയർ ഊരിത്തെറിച്ചതിന് പിന്നാലെ ലാൻഡ് ചെയ്യുമ്പോൾ ടയർ ഉരഞ്ഞ് അഗ്നി പടർന്ന് അപകടമുണ്ടാകാതിരിക്കാൻ ഇന്ധനം മുഴുവൻ ഉപയോഗിച്ച ശേഷമായിരുന്നു അടിയന്തര ലാൻഡിംഗ് നടത്തിയത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ചിറകിനും വിമാനത്തിന് താഴെ ഭാഗത്തും സാരമായ തകരാറുകൾ സംഭവിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. 

കേപ്ടൌണിലേക്ക് പുറപ്പെട്ട വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ടയർ നഷ്ടമായ വിവരം ക്രൂ അംഗങ്ങൾ എയർ ട്രാഫിക് കൺട്രോളിലേക്ക് അറിയിച്ചത്. പെട്ടന്ന് തന്നെ അടിയന്തര ലാൻഡിംഗ് നടത്താൻ വിമാനത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ലാൻഡിംഗ് സമയത്ത് അപകടമുണ്ടായാൽ അഗ്നിപടരാതിരിക്കാനായി ചില പ്രത്യേക രീതിയിൽ വിമാനം പറത്തി, ഇന്ധനം കാലിയാക്കിയ ശേഷമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇടത് റിയർ ലാൻഡിംഗ് സ്‌ട്രട്ടിൽ ഘടിപ്പിച്ചിട്ടുള്ള രണ്ട് ടയറുകളിൽ ഒന്നാണ് നഷ്ടമായത്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ടയറിന്റെ ഭാഗത്ത് നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഫ്ലൈ സഫയറിന്റെ എഫ്എ 212 വിമാനത്തിനാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഫ്ലൈ സഫയർ വക്താവ് വിശദമാക്കി.

ബോയിംഗ് 737 വിമാനവുമായി ബന്ധപ്പെട്ട സമാന രീതിയിലുള്ള ആദ്യ സംഭവമല്ല ഇത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, സൗത്ത് വെസ്റ്റ് എയർലൈൻസിൻ്റെ ഒരു വിമാനം അതിൻ്റെ എഞ്ചിനുകളിൽ ഒന്നിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അമേരിക്കയിലെ ഹൂസ്റ്റൺ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു. ജനുവരി മാസത്തിൽ മറ്റൊരു ബോയിംഗ് വിമാനത്തിന്റെ വാതിൽ ആകാശ മധ്യത്തിൽ  തെറിച്ച് പോയിരുന്നു. ഇതിന് പിന്നാലെ സാങ്കേതിക തകരാറിനെ തുടർന്ന് സൌത്ത് വെസ്റ്റ് എയർലൈൻ ഉപയോഗിച്ചിരുന്ന ബോയിംഗ് 737-500 വിമാനത്തിന്റെ എഞ്ചിൻ കവറാണ് ആകാശ മധ്യത്തിൽ വച്ച് ഇളകിത്തെറിച്ച സംഭവവും ഉണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി