ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകൾക്ക് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ അതിശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വഴി പോകുന്ന എണ്ണക്കപ്പലുകളെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നടപടി തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ, ആഗോള വിപണികളിലേക്കുള്ള എണ്ണയുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിലാണ് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഓപ്പറേഷൻ എപിക് ഫ്യൂറി തുടരുന്നതിനൊപ്പം, ലോകത്തേക്ക് എണ്ണയും ഊർജ്ജവും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഒരു ഭീകരവാദ ഭരണകൂടം ലോകത്തെ ബന്ദിയാക്കാനോ എണ്ണ വിതരണം തടസ്സപ്പെടുത്താനോ ഞാൻ അനുവദിക്കില്ല. ഇറാൻ അങ്ങനെ എന്തെങ്കിലും ചെയ്താൽ, അവർക്ക് ഇതുവരെ കിട്ടിയതിലും വലിയ തിരിച്ചടി കിട്ടും. ആ കളിക്ക് അവർ നിൽക്കരുത്. ഇറാന്റെ കപ്പലുകൾ, ഡ്രോണുകൾ, മിസൈലുകൾ, ആണവ ഭീഷണി എന്നിവയില്ലാത്ത ഒരു ലോകത്ത് എണ്ണ വിതരണം കൂടുതൽ സുരക്ഷിതമായിരിക്കും.’ ട്രംപ് പറഞ്ഞു.
ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് നാവികസേന ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ട്രംപ് ഊന്നിപ്പറഞ്ഞു. ‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരിക്കും. ഞങ്ങളുടെ ധാരാളം നാവിക കപ്പലുകൾ അവിടെയുണ്ട്. കടലിലെ മൈനുകൾ കണ്ടെത്താനുള്ള ലോകത്തിലെ ഏറ്റവും മികച്ച ഉപകരണങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. ഇറാന്റെ മിക്ക കപ്പലുകളും ഇപ്പോൾ കടലിന്റെ അടിത്തട്ടിലാണ്. ഇനി എന്തെങ്കിലും ചെയ്താൽ, അവർക്കോ അവരെ സഹായിക്കുന്നവർക്കോ ആ ഭാഗത്ത് പിന്നെ കരകയറാൻ പറ്റാത്ത രീതിയിൽ ഞങ്ങൾ തിരിച്ചടിക്കും’. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനും ഒമാനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഹോർമുസ് കടലിടുക്ക്, പേർഷ്യൻ ഗൾഫിനെ അറേബ്യൻ കടലുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന ജലപാതയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത വഴികളിലൊന്നാണിത്. ഈ പാതയിൽ ഉണ്ടാകുന്ന ഏത് തടസ്സവും ആഗോള ഊർജ്ജ വിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും സാരമായി ബാധിക്കും. മേഖലയിലെ കപ്പലുകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ബന്ധം സമീപ ദിവസങ്ങളിൽ കൂടുതൽ വഷളായിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഏത് ശ്രമത്തിനും ശക്തമായ മറുപടി നൽകുമെന്ന് അമേരിക്ക പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.
എണ്ണക്കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാനും അന്താരാഷ്ട്ര കപ്പൽ പാതകൾ സംരക്ഷിക്കാനുമായി യുഎസ് നാവിക വിന്യാസവും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എണ്ണ ഉത്പാദനത്തിലും ഗതാഗതത്തിലും ഉണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പോലും ആഗോള വിപണിയെ ബാധിക്കുന്ന ഈ സമയത്ത്, തുറന്ന കടൽപ്പാതകൾ സംരക്ഷിക്കുക എന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് ട്രംപിന്റെ വാക്കുകൾ അടിവരയിടുന്നു.


