
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റായി അധികാരമേൽക്കാനിരിക്കുന്ന ഡോണൾഡ് ട്രംപിന്‍റെ നിയുക്ത ക്യാബിനറ്റ് അംഗങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ എഫ് ബി ഐ അന്വേഷണം തുടങ്ങി. ട്രംപ് തന്റെ വൈറ്റ് ഹൗസ് ടീമിനായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് നേരെ ആണ് ബോംബ് ഭീഷണി ഉണ്ടായത്. വിവിധ വകുപ്പുകളെ നയിക്കാൻ ട്രംപ് തിരഞ്ഞെടുത്ത ഒമ്പത് പേർക്ക് ഭീഷണി സന്ദേശം കിട്ടിയിട്ടുണ്ട്.
ഇതിന് പിന്നാലെ എല്ലാവരുടെയും സുരക്ഷ വർധിപ്പിച്ചതായി എഫ് ബി ഐ അറിയിച്ചു. നിലവിൽ ഇവർക്ക് വലിയ സുരക്ഷ ഉണ്ടായിരുന്നില്ല. ബോംബ് ഭീഷണി സന്ദേശങ്ങൾ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായുള്ള അന്വേഷണം ഊർജ്ജിതമാണെന്നും വൈകാതെ തന്നെ പ്രതികൾ പിടിയിലാകുമെന്നും എഫ് ബി ഐ അധികൃതർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ അമേരിക്കയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത റഷ്യ - യുക്രൈൻ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ യുക്രൈന് വേണ്ടി അമേരിക്ക വൻ ആയുധ പാക്കേജ് തയ്യാറാക്കുന്നുവെന്നാണ്. ജനുവരിയിൽ പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ജോ ബൈഡൻ പടിയിറങ്ങും മുന്നേ യുക്രൈന് വേണ്ടി 725 മില്യൺ ഡോളറിന്റെ ആയുധ പാക്കേജാണ് തയ്യാറാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാര്യം പദ്ധതിയുമായി ബന്ധമുള്ള രണ്ട് യു എസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്. റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനായി അമേരിക്കയുടെ പക്കലുള്ള വിവിധ ടാങ്ക് വിരുദ്ധ ആയുധങ്ങൾ യുക്രൈന് നൽകാൻ ബൈഡൻ ഭരണകൂടം പദ്ധതിയിടുന്നതായാണ് വിവരം. ലാൻഡ് മൈനുകൾ, ഡ്രോണുകൾ, സ്റ്റിംഗർ മിസൈലുകൾ, ഹൈ മൊബിലിറ്റി ആർട്ടിലറി റോക്കറ്റ് സിസ്റ്റങ്ങൾക്കുള്ള (ഹിമാർസ്) വെടിമരുന്ന് എന്നിവയുൾപ്പെടെ നൽകാനാണ് പദ്ധതിയിടുന്നത്. ആയുധ പാക്കേജിന്‍റെ ഔദ്യോഗികമായ അറിയിപ്പ് തിങ്കളാഴ്ച ഉണ്ടാകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് റിപ്പോർട്ട്. പാക്കേജുകളിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചേക്കാനുള്ള സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam