കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളികളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 160 പേര്‍ കൊല്ലപ്പെട്ടു

By Web TeamFirst Published Apr 21, 2019, 10:31 AM IST
Highlights

സ്ഫോടനങ്ങളില്‍ നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ് അനൗദ്യോഗിക വിവരം. 

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും രണ്ട് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. 
വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ചിലുണ്ടായസ്ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. 

കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി. പക്ഷേ ഇവിടങ്ങളില്‍ എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഹോട്ടലുകളിലുണ്ടായത് ചാവേര്‍ ആക്രമണമാണെന്നും സൂചനയുണ്ട്. 

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷസമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സ്ഫോടന സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം. 

click me!