
റിയോ ഡി ജനീറോ: കൊവിഡ് 19 മൂലം നിരവധിയാളുകള്‍ മരിച്ച ബ്രസീലില്‍ പ്രസിഡന്‍റിന്‍റെ രാജിക്കായി മുറവിളി. മഹാമാരിയെ നേരിടുന്നതില്‍ രാജ്യത്തെ നയിക്കുന്ന പ്രസിഡന്‍റിന്‍റെ പ്രവര്‍ത്തനം വളരെ മോശമെന്നാണ് ബ്രസീലുകാര്‍ക്ക് പറയാനുള്ളത്. സാമൂഹ്യ അകലം പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട ആരോഗ്യമന്ത്രിയെ നീക്കുക കൂടി ചെയ്തതോടെ ബ്രസീലിലെ തെരുവുകളിലെ ബാല്‍ക്കണികളില്‍ പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് പാത്രങ്ങള്‍ കൊട്ടുകയാണ് ജനങ്ങള്‍.
ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ കൊറോണയ്ക്കാള്‍ വലിയ വൈറസാണെന്നാണ് ജനങ്ങള്‍ പ്രതികരിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഇന്ത്യയിലേതിന് സമാനമായി ബാല്‍ക്കെണികളില്‍ നിന്ന് പാത്രം കൊട്ടിയും കയ്യടിച്ചും ശബ്ദമുണ്ടാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട പ്രസിഡന്‍റിനെതിരെ പ്രതിഷേധിക്കാനുള്ള അവസരമായാണ് ഈ പാത്രം കൊട്ടലിനെ ബ്രസീലുകാര്‍ ഉപയോഗിക്കുന്നത്. ബ്രസീല്‍ പ്രസിഡന്‍റിനേക്കാള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയ്ക്ക് ജനപിന്തുണ കൂടിയതോടെയാണ് മന്ത്രിസഭയില്‍ നിന്ന് മന്‍ഡേറ്റയെ പുറത്താക്കിയത്.
ഇതിനിടയിലും കേള്‍ക്കുന്നവര്‍ അമ്പരക്കുന്ന രീതിയിലുള്ള പ്രസ്താവനകളും പ്രസിഡന്‍റ് ജെയർ ബോൾസോനാരോ നടത്തുന്നുണ്ട്. കൊവിഡ് വെറുമൊരു പനിയാണെന്നും ഇതുകൊണ്ടൊന്നും ആരും മരിക്കില്ലെന്നുമാണ് ജെയര്‍ അടുത്തിടെ നടത്തിയ പ്രസ്താവന. പ്രതിരോധം ഗുണത്തേക്കാള്‍ ദോഷമാകുമെന്നും ജനം ജോലിക്ക് പോകണമെന്നും പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ആരോഗ്യ മന്ത്രിയെ പുറത്താക്കാന്‍ കണ്ടെത്തിയ കാരണവും വിചിത്രമാണ്. സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങളോട് നിര്‍ദേശിച്ചതിനാണ് മന്‍ഡേറ്റയ്ക്ക് മന്ത്രിസ്ഥാനം പോയത്. വിവിധ സംസ്ഥാനങ്ങളിലെ മന്‍ഡേറ്റക്ക് പിന്നില്‍ അണിനിരന്നതോടെയാണ് പ്രസിഡന്‍റ് കടുത്ത നടപടികളിലേക്ക് കടന്നത്.
പ്രസിഡന്‍റുമായുള്ള നിരന്തര ഏറ്റമുട്ടലിന് പിന്നാലെ ബ്രസീലിലെ നിയമമന്ത്രി സെര്‍ജിയോ മാരോ കഴിഞ്ഞ ദിവസമാണ് രാജി വച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിലേതിനേക്കാള്‍ കൂടിയിട്ടും ജെയറിന് കുലുക്കമില്ല. ഒരു ദിവസത്തെ വര്‍ധിക്കുന്ന മരണ സംഖ്യ ചൂണ്ടിക്കാണിച്ച മാധ്യമ പ്രവര്‍ത്തകനെ പ്രസിഡന്‍റ് ജെയര്‍ പരിഹസിച്ചത് വലിയ വാര്‍ത്തയും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. 6300 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചിട്ടുള്ളത്. 91000 കേസുകളാണ് രാജ്യത്ത് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam