യുഎൻ ഉപരോധത്തിന് പുല്ലുവില, ഉത്തര കൊറിയയ്ക്ക് വൻ തോതിൽ ഇന്ധനം എത്തിച്ച് റഷ്യ, തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ

Published : Nov 23, 2024, 11:49 AM IST
യുഎൻ ഉപരോധത്തിന് പുല്ലുവില, ഉത്തര കൊറിയയ്ക്ക് വൻ തോതിൽ ഇന്ധനം എത്തിച്ച് റഷ്യ, തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ

Synopsis

കാലിയായ ഇന്ധ ടാങ്കർ കപ്പലുകൾ റഷ്യൻ തീരത്ത് നിന്ന് മടങ്ങുന്നത് പൂർണമായി നിറച്ച ശേഷമെന്ന് സാറ്റലൈറ്റ് ചിത്രങ്ങളെ ആസ്പദമാക്കിയുള്ള റിപ്പോർട്ട്

ബ്രിട്ടൻ: ഉപരോധങ്ങൾ മറികടന്ന് ഉത്തര കൊറിയയ്ക്ക് റഷ്യ വലിയ തോതിൽ ഇന്ധനം നൽകുന്നതായി റിപ്പോർട്ട്. മാർച്ച് മാസം മുതൽ റഷ്യ ലക്ഷക്കണക്കിന് ബാരൽ ഇന്ധനം ഉത്തര കൊറിയയ്ക്ക് നൽകിയതായാണ് സാറ്റലൈറ്റ് ചിത്രങ്ങളെ അടിസ്ഥാനമാക്കി ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഓപ്പൺ സോഴ്സ് സെന്റർ എന്ന എൻജിഒയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് ബിബിസി റിപ്പോർട്ട്. മോസ്കോയ്ക്ക് യുക്രൈനെതിരായ യുദ്ധമുഖത്തേക്ക് ആയുധങ്ങളേയും സൈനികരേയും വിട്ടു നൽകിയ പ്യോംങ്യാംഗിനുള്ള പ്രത്യുപകാരമാണ് ഇന്ധനമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ട് വിശദമാക്കുന്നത്. 

യുഎൻ ഉപരോധം മറികടന്നാണ് ഈ നീക്കം. ഉത്തര കൊറിയയ്ക്ക് നിയന്ത്രിത അളവിലല്ലാതെ ഇന്ധനം നൽകുന്നതിനാണ് യുഎൻ ഉപരോധമുള്ളത്. ആണവ ആയുധങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ നിന്ന് ഉത്തര കൊറിയയെ തടസപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു യുഎൻ ഉപരോധം.  ഡസൻ കണക്കിന് ഉത്തര കൊറിയൻ ഇന്ധന ടാങ്കർ കപ്പലുകൾ റഷ്യയുടെ കിഴക്കൻ മേഖലയിലെ തുറമുഖത്ത് കഴിഞ്ഞ എട്ട് മാസത്തിനിടയ്ക്ക് വന്ന് പോയത് 43 തവണയെന്നാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ട്. 

കാലിയായ ടാങ്കർ ഷിപ്പുകൾ നിറച്ച ശേഷമാണ് തിരികെ പോവുന്നതെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓപ്പൺ മാർക്കറ്റിൽ നിന്ന് ഇന്ധനം വാങ്ങാൻ അനുമതിയില്ലാത്ത ലോകത്തിലെ ഒരേയൊരു രാജ്യവും ഉത്തര കൊറിയയാണ്. ആവശ്യമായതിലും ഏറെ കുറവായ 500000 ബാരൽ റിഫൈൻഡ് ഇന്ധനം മാത്രമാണ് യുഎൻ ഉപരോധം അനുസരിച്ച്  ഉത്തര കൊറിയയ്ക്ക് ലഭ്യമാകുന്നത്. എന്നാൽ യുഎൻ ഉപരോധം മറികടന്നുള്ള ഇന്ധന വിതരണത്തേക്കുറിച്ച് റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. 

ഓപ്പൺ സോഴ്സ് സെന്റർ ലഭ്യമാക്കുന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിൽ 2024 മാർച്ച് 7നാണ് ഇത്തരത്തിലുള്ള ആദ്യ ഇന്ധന കൈമാറ്റം നടന്നിരിക്കുന്നത്. ഉത്തര കൊറിയ റഷ്യക്ക് സൈനിക സഹായം നൽകി ഏഴ് മാസത്തിന് ശേഷമായിരുന്നു ഇത്. നവംബർ അഞ്ചിനാണ് ഇത്തരത്തിൽ ഇന്ധന ടാങ്കുകളുമായി ഉത്തര കൊറിയൻ കപ്പലുകൾ റഷ്യയിലെത്തിയിട്ടുള്ളത്. യുക്രൈനെതിരായ യുദ്ധം തുടരാൻ കിം ജോംഗ് ഉൻ നൽകുന്ന സഹായ സഹകരണത്തിനുള്ള ഉപകാരമാണ് ഉപരോധം മറികടന്നുള്ള ഇന്ധനം കൈമാറ്റമെന്നാണ് അന്തർ ദേശീയ വിദഗ്ധർ സംഭവത്തെ നിരീക്ഷിക്കുന്നത്. 

ലോക രാജ്യങ്ങളിൽ നിന്ന് കർശന ഉപരോധം നേരിടുന്ന ഉത്തര കൊറിയയ്ക്ക് പിടിച്ച് നിൽക്കാൻ സഹായിക്കുന്നത് റഷ്യയുടെ വഴി വിട്ട സഹായമാണെന്നും വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്. ഉത്തര കൊറിയയിലെ സാധാരണക്കാർ കൽക്കരിയെ ആശ്രയിച്ചാണ് നിത്യ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. ഇന്ധനം ഉത്തര കൊറിയയിൽ പ്രധാനമായും ഉപയോഗിക്കുന്നത് സൈനിക ആവശ്യങ്ങൾക്കാണ്. മിസൈൽ ലോഞ്ചറുകളിലേക്കും രാജ്യമെമ്പാടുമുള്ള സൈനിക സജ്ജീകരണങ്ങൾക്കുമാണ് ഡീസലും പെട്രോളും വ്യാപകമായി ഉപയോഗിക്കുന്നത്. ട്രാക്കറുകൾ ഓഫാക്കിയ ശേഷമാണ് ഉത്തര കൊറിയൻ കപ്പലുകൾ റഷ്യയിലെ വോസ്റ്റോക്നി തുറമുഖത്ത് എത്തിയതെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളെ ആസ്പദമാക്കി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.  
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം