
ജൊഹന്നാസ്ബെർഗ്: മൂന്ന് പ്രധാനമേഖലകളിൽ ഒന്നിച്ച് നീങ്ങാൻ ബ്രിക്സ് രാജ്യങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. ബഹിരാകാശ ഗവേഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് നീങ്ങണമെന്ന് മോദി ആഹ്വാനം ചെയ്തത്. ജൊഹന്നാസ്ബെർഗിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകം നേരിടുന്ന വെല്ലുവിളികൾക്ക് ബ്രിക്സ് പരിഹാരം കാണുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയിൽ ഡിജിറ്റൽ മേഖല ദിനംപ്രതി വളരുന്നുവെന്നും പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ പറഞ്ഞു.
ഇന്ത്യ 2047 ൽ വികസിത രാഷ്ട്രമാകുമെന്ന് മോദി; ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചക്ക് സ്ഥിരീകരണമില്ല
അതേസമയം ബ്രിക്സ് ബിസിനസ് ഫോറത്തിൽ നേരത്തെ സംസാരിച്ച മോദി, ഇന്ത്യയുടെ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇന്ത്യ 2047 ൽ വികസിത രാഷ്ട്രമാകുമെന്ന പ്രതീക്ഷയാണ് പ്രധാനമന്ത്രി ബിസിനസ് ഫോറത്തിൽ പങ്കുവച്ചത്. ഇന്ത്യയുടെ സമസ്ത മേഖലകളിലും മാറ്റം കൊണ്ടുവരാൻ തന്റെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിഞ്ഞുവെന്ന അവകാശവാദവും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു.
അതേസമയം ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണത്തിന് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടുമില്ല. ജിൻപിങുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നു. ഇരു നേതാക്കളും ബ്രിക്സ് വിരുന്നിലടക്കം ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാൽ മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച ഉണ്ടാകുമോയെന്നത് വ്യക്തമാക്കിയിരുന്നില്ല. അതിർത്തി തർക്കമടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമോയെന്നത് അറിയാനായി ലോകം കാത്തുനിൽക്കുകയാണ്.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന പതിനഞ്ചാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ന് പ്രധാന അജണ്ടകളിൽ ചർച്ച നടക്കും. ബ്രിക്‌സ് വിപുലീകരണവും അംഗ രാജ്യങ്ങളിൽ ഒറ്റ കറൻസി നടപ്പാക്കുന്നതുമാണ് പ്രധാന വിഷയങ്ങൾ. 23 രാജ്യങ്ങൾ ബ്രിക്സ് അംഗത്വത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാവും വിശദമായ ചർച്ച നടക്കുക. ബ്രിക്സിൽ പാക്കിസ്ഥാനെ ഉൾപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഏകീകൃത കറൻസി ഉപയോഗിക്കുന്നതും പ്രായോഗികമല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam