പ്രതിദിനം ശാന്തസമുദ്രത്തിലേക്ക് ഒഴുകിയെത്തുക ആണവ പ്ലാന്റിൽ നിന്നുള്ള 5ലക്ഷം ലിറ്റര്‍ ജലം, ആശങ്കയില്‍ ലോകം

Published : Aug 23, 2023, 12:19 PM ISTUpdated : Aug 23, 2023, 01:23 PM IST
പ്രതിദിനം ശാന്തസമുദ്രത്തിലേക്ക് ഒഴുകിയെത്തുക ആണവ പ്ലാന്റിൽ നിന്നുള്ള 5ലക്ഷം ലിറ്റര്‍ ജലം, ആശങ്കയില്‍ ലോകം

Synopsis

ജലത്തില്‍ നിന്ന് വേര്‍പെടുത്താന്‍ പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയത്തിന്റെ ചില അംശങ്ങള്‍ ഒഴുക്കി കളയുന്ന ജലത്തില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.  1 ദശലക്ഷം മെട്രിക് ടണ്ണിലധികം വരുന്ന റേഡിയോ ആക്ടീവ് ജലമാണ് പുറത്തേക്ക് വരുവാന്‍ പോകുന്നത്.

ഫുകുഷിമ: ആണവ പ്ലാന്റിൽ നിന്നുള്ള ജലം നാളെ കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ. ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോടെയാണ് സുനാമിയിൽ തകർന്ന പ്ലാന്റിലെ ജലം ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. 30 വർഷമെടുത്തായിരിക്കും ജലം ഒഴുകിത്തീരുകയെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. റേഡിയോ ആക്റ്റീവ് ആയിട്ടുള്ള ജലമാണ് ജപ്പാന്‍ തുറന്ന് വിടുവാന്‍ ഒരുങ്ങുന്നത്. 1 ദശലക്ഷം മെട്രിക് ടണ്ണിലധികം വരുന്ന റേഡിയോ ആക്ടീവ് ജലമാണ് പുറത്തേക്ക് വരുവാന്‍ പോകുന്നത്. ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വലിപ്പത്തിലുള്ള ആഞ്ഞൂറിലധികം നീന്തല്‍ക്കുളങ്ങളില്‍ നിറയ്ക്കുവാന്‍ സാധിക്കുന്ന ആത്രയ്ക്കും ജലമായിരിക്കും കടലിലേക്ക് എത്തുക.

ശുദ്ധീകരിച്ച ജലമാണ് പുറത്ത് വിടുവാന്‍ പോകുന്നത് എന്ന് ജപ്പാന്‍ പറയുന്നതെങ്കിലും പസഫിക് സമുദ്ര തീരത്തുള്ള രാജ്യങ്ങളില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ ഒഴുക്കി വിടുന്ന റേഡിയോ ആകറ്റീവ് ജലത്തിന്റെ പ്രതിസന്ധി പ്രധാനമായും നേരിടേണ്ടി വരിക ചൈനയാണ്. റേഡിയോ ആക്ടീവ് ജലം ഓഗസ്റ്റ് 24 മുതലാണ് ഒഴുക്കി തുടങ്ങുക.

2011 മാര്‍ച്ച് 11 ന് ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയിലാണ് ഫുക്കുഷിമയിലെ ആണവ പ്ലാന്‍റിന് സാരമായ കേടുപാടുകള്‍ സംഭവിച്ചത്. ജപ്പാനില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂകമ്പത്തിന് പിന്നാലെ 13 മുതല്‍ 14 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകളാണ് ആണവ നിലയത്തില്‍ ആഞ്ഞടിച്ചത്. സുനാമിയില്‍ ആണവ നിലയത്തിന്റെ എമര്‍ജന്‍സി ഡീസല്‍ ജനറേറ്ററുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. നിലയത്തിലെ വൈദ്യുതി നിലച്ചു.

1986-ലെ ചെര്‍ണോബിലിന് ശേഷം ഗുരുതരമായ ആണവ ദുരന്തമാണ് ഫുക്കുഷിമയില്‍ ഉണ്ടായത്. ലെവല്‍ 7 ആണ് ഫുകുഷിമ ആണവ ദുരന്തത്തിന്റെ വ്യാപ്തി. സുനാമിയില്‍ 18000 ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. റിയാക്ടറുകള്‍ തണുപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന ജലം പുറത്ത് വിടാതെ ഇത്രയും നാള്‍ ടോക്കിയോ ഇലക്ട്രിക് പവര്‍ പ്ലാന്റില്‍ തന്നെ സംഭരിച്ച് വെച്ചിരിക്കുകയായിരുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നടത്തിയ പരിശോധനകളില്‍ റേഡിയോ ആക്റ്റീവ് ആയ ജലം ഒഴുക്കി കളയുന്നത് സുരക്ഷിതമാണെന്ന് അറിയിച്ചതായി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറയുന്നത്. നടപടി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷകര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് അനുമതി നല്‍കിയതെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും പാരിസ്ഥിതിക ആഘാതം നിസാരമാണ് എന്നുമാണ് ജപ്പാന്‍ വാദിക്കുന്നത്.

എന്നാല്‍ ലോകരാജ്യങ്ങളോട് ആലോചിക്കാതെ ജപ്പാന്‍ സ്വാര്‍ത്ഥതയും ധാര്‍ഷ്ട്യവും കാണിച്ച് ആണവജലം തുറന്ന് വിടുന്നതായാണ് ചൈന ആരോപിക്കുന്നത്. ദക്ഷിണ കൊറിയയിലും ജപ്പാന്റെ നടപടിക്ക് എതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. റേഡിയോ ആക്റ്റീവ് പദാര്‍ത്ഥങ്ങള്‍ നീക്കുന്നതിനായി ജലം ഫില്‍റ്റര്‍ ചെയ്യുകയും നേര്‍പ്പിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും പൂര്‍ണമായും റേഡിയോ ആക്റ്റീവ് സ്വഭാവത്തെ ഇല്ലാതാക്കുന്നില്ല . ജലത്തില്‍ നിന്ന് വേര്‍പെടുത്താന്‍ പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയത്തിന്റെ ചില അംശങ്ങള്‍ ഒഴുക്കി കളയുന്ന ജലത്തില്‍ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.

ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് പ്രതിദിനം 500,000 ലിറ്റര്‍ എന്ന അളവിലാണ് കടലിലേക്ക് ജലത്തെ ഒഴുക്കി കളയാനാണ് പദ്ധതി. ഫില്‍ട്ടറിംഗ് എന്നൊക്കെ പറയുന്നത് തട്ടിപ്പാണെന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ് ആരോപിക്കുന്നത്. വലിയ തോതിലുളള റേഡിയോ ആക്റ്റീവ് വസ്തുക്കളാണ് കടലിലേക്ക് എത്താന്‍ പോകുന്നതെന്നുമുള്ള മുന്നറിയിപ്പും ഗ്രീന്‍പീസ് നല്‍കുന്നുണ്ട്. എന്നാല്‍ ആണവ നിലയങ്ങള്‍ കാലങ്ങളായി ട്രിറ്റിയം പുറത്ത് വിടുന്നതാണന്നും പാരിസ്ഥിതികമോ ആരോഗ്യപരമോ ആയ പ്രത്യാഘാതങ്ങളൊന്നുമില്ലെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ആണവ ജലം ഒഴുക്കി കളയാനുള്ള ജപ്പാന്‍റെ പദ്ധതിക്ക് പിന്നാലെ മുന്‍കരുതലെന്ന നിലയില്‍ ഫുകുഷിമയില്‍ നിന്നും ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോയില്‍ നിന്നുമടക്കമുള്ള ജപ്പാനിലെ 10 പ്രിഫെക്ചറുകളില്‍ നിന്നുള്ള സമുദ്രോല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചൈന ഇതിനോടകം നിരോധിച്ചിട്ടുണ്ട്. മറ്റ് പ്രിഫെക്ചറുകളില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കില്ലെങ്കിലും റേഡിയോ ആക്ടിവിറ്റി ടെസ്റ്റുകള്‍ വിജയിച്ചാല്‍ മാത്രമാകും ഇറക്കുമതി സാധ്യമാവുക. ജപ്പാന്റെ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണിയായ ഹോങ്കോങ്ങും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം
മത്തി കണികാണാനില്ല, ചത്തൊടുങ്ങിയത് 60000ത്തിലേറെ പെൻഗ്വിനുകൾ