ബ്രിക്‌സ് ബിസിനസ് ഫോറം വേദി പങ്കിട്ട് ലോക നേതാക്കൾ; മസൂദ് പെസഷ്കിയനെ സ്വീകരിച്ച് നരേന്ദ്ര മോദി, 'സഹകരണം ശക്തമാക്കണം'

Published : Sep 11, 2026, 07:51 PM IST
brics summit: narendra modi welcomes iran president masoud pezeshkian

Synopsis

ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ വേദി പങ്കിട്ട് ലോക നേതാക്കൾ. സമ്മേളന വേദിയിലേക്ക് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച് ആനയിച്ചു

ഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തിൽ വേദി പങ്കിട്ട് ലോക നേതാക്കൾ. സമ്മേളന വേദിയിലേക്ക് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച് ആനയിച്ചു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും സഹകരണം ശക്തമാക്കേണ്ടതിന്‍റെ ആവശ്യകത ഇറാന്‍റെയും റഷ്യയുടെയും ഇന്ത്യയുടെയും നേതാക്കൾ തങ്ങളുടെ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു. സമ്മേളനത്തിൽ സംസാരിച്ച ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയൻ, നൽകുന്ന പിന്തുണയ്ക്ക് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ചു. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങളെക്കുറിച്ചും അമേരിക്കയുടെ ആക്രമണങ്ങൾ ഇറാന്‍റെ സാമ്പത്തിക മേഖലയ്ക്ക് വരുത്തിവെച്ച വലിയ തിരിച്ചടികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. മേഖലയിലെ സ്ഥിരത തകർക്കുന്ന ഇത്തരം നീക്കങ്ങൾ നിർഭാഗ്യകരമാണെന്നും, ഒരു രാജ്യത്തിന്‍റെ വ്യാപാര സ്വാതന്ത്ര്യത്തെ മറ്റ് രാജ്യങ്ങൾ ബന്ദിയാക്കാൻ പാടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന് വൻ വരവേൽപാണ് വേദിയിൽ ലഭിച്ചത്. പ്രസംഗത്തിൽ ജി7 രാജ്യങ്ങളെ പരിഹസിച്ച അദ്ദേഹം, ഏറ്റവും കൂടുതൽ ഉപരോധങ്ങൾ നേരിടുന്ന രാജ്യമാണ് റഷ്യയെങ്കിലും സാമ്പത്തികമായി ശക്തമായി നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കി. ബ്രിക്‌സ് കൂട്ടായ്മയിലെ രാജ്യങ്ങൾ ചേർന്ന് ആഗോള ജിഡിപിയുടെ 40 ശതമാനത്തോളം സംഭാവന ചെയ്യുമ്പോൾ ജി7 രാജ്യങ്ങളുടെ വിഹിതം വെറും 29 ശതമാനം മാത്രമാണെന്ന് പുടിൻ കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി.

തുടർന്ന് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഗോളതലത്തിൽ ബ്രിക്‌സ് സഖ്യത്തിന്റെ പ്രാധാന്യം അനുദിനം വർദ്ധിച്ചുവരികയാണെന്ന് വ്യക്തമാക്കി. സാങ്കേതിക മുന്നേറ്റങ്ങളും പുതിയ സാധ്യതകളും ബ്രിക്‌സ് രാജ്യങ്ങളിൽ സജീവമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ബ്രിക്‌സ് രാജ്യങ്ങളുടെ ജിഡിപി ഒന്നര ഇരട്ടിയായി വളർന്നുവെന്നും, ലോക ശരാശരിയേക്കാൾ രണ്ടിരട്ടി വേഗതയിലാണ് ഈ വികസനമെന്നും അദ്ദേഹം പറഞ്ഞു. ലോകത്താകമാനം അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും ഇന്ത്യ മികച്ച വളർച്ചയും സ്ഥിരതയും കൈവരിച്ചു. സെമികണ്ടക്ടർ, ക്വാണ്ടം ടെക്നോളജി, ബയോ ടെക്നോളജി, കപ്പൽ നിർമ്മാണം, ഖനനം തുടങ്ങിയ മേഖലകളിൽ രാജ്യം വൻ കുതിച്ചുചാട്ടത്തിലാണ്.

ഇന്ത്യയിൽ സംഘടിപ്പിച്ച ബിസിനസ് ഫോറം ഇതുവരെ ചേർന്നതിൽ വെച്ച് ഏറ്റവും വലിയ പങ്കാളിത്തമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ മോദി, കടൽപ്പാതകളും വിതരണ ശൃംഖലകളും സുരക്ഷിതമായാൽ മാത്രമേ ആഗോള വ്യവസായത്തിന് തടസ്സമില്ലാതെ മുന്നോട്ടുപോകാനാകൂ എന്ന് കൂട്ടിച്ചേർത്തു. നാവികരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ ഉറച്ച നിലപാടിലാണ്. വ്യാപാര തടസ്സങ്ങൾ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, 2014 മുതൽ ഏകദേശം 40 രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. വ്യാപാര തടസ്സങ്ങൾ കുറച്ച് അവസരങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് ബ്രിക്‌സ് സഖ്യത്തിലും ഇന്ത്യയുടെ പ്രധാന ലക്ഷ്യമെന്ന് വ്യക്തമാക്കിയ ശേഷമാണ് മോദി ഇറാൻ പ്രസിഡന്റുമായി പ്രത്യേക ചർച്ചയിലേക്ക് കടന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി പുടിനുമായി കൂടിക്കാഴ്‌ച നടത്തി മോദി; ഉഭയകക്ഷി വ്യാപാരം 10 ലക്ഷം കോടിയാക്കാൻ ധാരണ; ഷീ ജിൻപിങുമായി ചർച്ച നാളെ
നയതന്ത്ര ബന്ധം വിച്ഛേദിച്ച അൾജീരിയയുടെ നീക്കം; പ്രതികരിച്ച് യുഎഇ, തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം