യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള അൾജീരിയയുടെ തീരുമാനത്തെ താൽക്കാലികമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയമാണ് തങ്ങളുടേതെന്നും, വ്യക്തമായ നിലപാടുകളിലാണ് വിജയകരമായ നയതന്ത്രം നിലനിൽക്കുന്നതെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.
അബുദാബി: യുഎഇയുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാനുള്ള ഉത്തരാഫ്രിക്കൻ രാജ്യമായ അൾജീരിയയുടെ തീരുമാനം താൽക്കാലികം മാത്രമാണെന്ന് കരുതുന്നതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അൾജീരിയയിലുള്ള യുഎഇ അംബാസഡറോട് 48 മണിക്കൂറിനുള്ളിൽ മടങ്ങാൻ അൾജീരിയൻ ഭരണകൂടം ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ലോകരാജ്യങ്ങളുമായി സഹകരണവും സൗഹൃദവും വളർത്തുന്ന നയതന്ത്ര രീതിയാണ് യുഎഇ പിന്തുടരുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിൽ കഴിയുന്ന 30,000-ത്തിലധികം വരുന്ന അൾജീരിയൻ പ്രവാസികൾ ഉൾപ്പെടെയുള്ള ജനങ്ങളുമായി ശക്തമായ സൗഹൃദബന്ധമാണ് യുഎഇയ്ക്കുള്ളതെന്നും അധികൃതർ കൂട്ടിച്ചേർത്തു. അൾജീരിയയുടെ നടപടിയോട് പ്രതികരിച്ച് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷും രംഗത്തെത്തി.
‘നയതന്ത്ര ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് വിവേകം, ആശയവിനിമയം, വ്യക്തമായ താത്പര്യങ്ങൾ എന്നിവയിലൂടെയാണ്. അല്ലാതെ വ്യാഖ്യാനിക്കേണ്ട സന്ദേശങ്ങളിലൂടെയോ കടങ്കഥകളിലൂടെയോ അല്ല. നയതന്ത്രത്തിലെ അവ്യക്തത ഒരു നയമല്ല; വ്യക്തമായ നിലപാടുകളിലും അഭിപ്രായവ്യത്യാസങ്ങളുടെ ശരിയായ പരിഹാരത്തിലുമാണ് വിജയകരമായ നയതന്ത്രം നിലനിൽക്കുന്നത്’ — ഡോ. അൻവർ ഗർഗാഷ് പറഞ്ഞു.
2013-ൽ യുഎഇയുമായി ഒപ്പുവെച്ച എയർ സർവീസ് കരാർ അവസാനപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി അൾജീരിയ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. എന്നാൽ വിമാന സർവീസുകളെ ഇത് ഉടനടി ബാധിക്കില്ലെന്ന് എംപയർ എയർലൈൻസും യുഎഇ ജനറൽ സിവില്‍ ഏവിയേഷൻ അതോറിറ്റിയും ഉറപ്പുനൽകി. അന്താരാഷ്ട്ര കരാർ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഇത്തരം നടപടികളെന്നും സിവിൽ ഏവിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.
യുഎഇയുടെ നടപടികൾ അംഗീകരിക്കാനാകാത്ത നിലയിലെത്തിയെന്നും ഉഭയകക്ഷി ബന്ധം സംരക്ഷിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും പറഞ്ഞാണ് അൾജീരിയൻ വിദേശകാര്യ മന്ത്രാലയം തീരുമാനം അറിയിച്ചത്. ഇസ്രയേലുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള അബ്രഹാം അക്കോർഡ്, പശ്ചിമ സഹാറയിലെ രാഷ്ട്രീയ വിഷയങ്ങൾ എന്നിവയിൽ അൾജീരിയയും യുഎഇയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. മൊറോക്കോയുമായി യുഎഇയുടെ അടുത്ത ബന്ധവും അൾജീരിയയെ പ്രകോപിപ്പിച്ചതായും വിലയിരുത്തുന്നുണ്ട്.


