ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ പൈലറ്റുമാര്‍ സമരത്തില്‍; ബ്രിട്ടീഷ് എയര്‍വേയ്സ് എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു

By Web TeamFirst Published Sep 9, 2019, 11:46 AM IST
Highlights

അതേ സമയം പണിമുടക്ക് മുന്നില്‍ കണ്ട് യാത്രക്കാര്‍ക്കായി മറ്റ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്സിന് സാധിച്ചില്ല എന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് എല്ലാ സര്‍വീസുകളും നിര്‍ത്തിവച്ചു.  48 മണിക്കൂര്‍ സമരമാണ് പൈലറ്റുമാര്‍ നടത്തുന്നത്. പൈലറ്റുമാര്‍ക്ക് അനുപാതികമായ പ്രതിഫലം ലഭിക്കുന്നില്ല എന്ന് ആരോപിച്ചാണ് പൈലറ്റുമാരുടെ പണിമുടക്ക് ആരംഭിച്ചത്.

സെപ്തംബര്‍ 9, 10 ദിവസങ്ങളിലാണ് സമരം പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് എയര്‍വേയ്സ് അതിന്‍റെ ലാഭത്തിന് അനുസരിച്ച പ്രതിഫലം പൈലറ്റുമാര്‍ക്ക് നല്‍കുന്നില്ലെന്നാണ് പ്രധാന ആരോപണം. എന്നാല്‍ മികച്ച വേതന വ്യവസ്ഥയാണ് ഇപ്പോള്‍ പൈലറ്റുമാര്‍ക്ക് നിലനില്‍ക്കുന്നതെന്നും. ഈ സമരം ന്യായീകരിക്കാന്‍ കഴിയില്ലെന്നുമാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്‍റെ നിലപാട്. 

അതേ സമയം പണിമുടക്ക് മുന്നില്‍ കണ്ട് യാത്രക്കാര്‍ക്കായി മറ്റ് സൗകര്യങ്ങള്‍ ഒരുക്കാന്‍ ബ്രിട്ടീഷ് എയര്‍വേയ്സിന് സാധിച്ചില്ല എന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ സമരത്തോടെ കൂടുതല്‍ നിക്ഷേപത്തിന് പകരം ഇത്തരം തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലേക്ക് ബ്രിട്ടീഷ് എയര്‍വേയ്സ് ശ്രദ്ധിക്കുമെന്നാണ് കരുതുന്നതെന്ന് പണിമുടക്ക് നടത്തുന്ന ബിഎഎല്‍പിഎ ജനറല്‍ സെക്രട്ടറി ബ്രയാന്‍ സൂര്‍ട്ടന്‍ പറഞ്ഞു.

അതേ സമയം പണിമുടക്കുന്നവര്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് എയര്‍വേയ്സ് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 48 മണിക്കൂര്‍ പണിമുടക്ക് നടത്താന്‍ പൈലറ്റുമാര്‍ തയ്യാറായത്. അതേ സമയം ഇരുകൂട്ടരും ചര്‍ച്ച ചെയ്ത് പരിഹാരം കാണാണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്‍റെ വക്താവ് അറിയിച്ചു. അതേ സമയം ചര്‍ച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്നാണ് ഏറ്റവും അവസാനം ബ്രിട്ടീഷ് എയര്‍വേയ്സ് വക്താവ് വ്യക്തമാക്കിയത്.

click me!