
തെഹ്റാന്‍: ഇറാനിലെ ബ്രിട്ടീഷ് അംബാസിഡര്‍ അറസ്റ്റിലായതില്‍ രൂക്ഷ വിമര്‍ശനവുമായി ബ്രിട്ടന്‍. സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. തെഹ്റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 യാത്രാവിമാനം തകര്‍ന്നത് അപകടമല്ലെന്ന വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളില്‍ ബ്രിട്ടീഷ് അംബാസിഡര്‍ റോബ് മാക്എയറിനെയാണ് ഇറാന്‍ സേന അറസ്റ്റ് ചെയ്തത്.
വിമാനാപകടത്തിന്‍റെ പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയതിന് പിന്നാലെ ശനിയാഴ്ചയാണ് തെഹ്റാനില്‍ വന്‍ ജന പ്രക്ഷോഭം നടന്നിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡറേയും അറസ്റ്റ് ചെയ്യുകയായിരുന്നു. താന്‍ ഒരു പ്രക്ഷോഭ പ്രവര്‍ത്തനത്തിലും ഭാഗമായിട്ടില്ലെന്നും ബ്രിട്ടീഷ് അംബാസിഡര്‍ ട്വീറ്റ് ചെയ്തു. വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരവ് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു.
വിമാനം തകര്‍ന്ന് മരിച്ചവരില്‍ ബ്രിട്ടീഷുകാരും ഉണ്ടായിരുന്നു. അതിനാല്‍ താന്‍ പോയിരുന്നു. ഇവിടെ നിന്ന് താന്‍ പോയ ശേഷമാണ് ചടങ്ങില്‍ മുദ്രാവാക്യം വിളിയുണ്ടായത്. ഇതോടെയാണ് നിരവധി ആളുകളെ ഇറാന്‍ സേന അറസ്റ്റ് ചെയ്തിരുന്നു. ഈ കൂട്ടത്തില്‍ ബ്രിട്ടീഷ് അംബാസിഡറും ഉള്‍പ്പെടുകയായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളോടൊപ്പം ചേര്‍ന്ന് പരിപാടി ആസൂത്രണം ചെയ്തെന്നാണ് അംബാസിഡര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
അംബാസിഡറെ അറസ്റ്റ് ചെയ്തത് ചട്ടവിരുദ്ധമാണ്. തടങ്കലില്‍ വച്ചത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബ്രിട്ടന്‍ വിശദമാക്കി. യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് ഇറാന്‍ സമ്മതിച്ചിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്.
യാത്രക്കാരും വിമാനജീവനക്കാരുമടക്കം 176- പേരുടെ മരണത്തിന് കാരണമായ വിമാനാപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നായിരുന്നു ഇറാന്‍ ആദ്യം വിശദീകരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ യാത്രവിമാനത്തെ ആക്രമിച്ചോ എന്ന് സംശയിക്കുന്നതായും അമേരിക്കയും കാനഡയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു.
ഇറാന്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെയോടെയാണ് വിമാനപകടം അബദ്ധത്തില്‍ ഉണ്ടായതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇറാന്‍ സൈന്യമാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ തങ്ങളുടെ കൈയ്യബദ്ധത്തിന് മാപ്പ് ചോദിച്ചു കൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും ട്വിറ്ററിലൂടെ രംഗത്ത് എത്തി.
അപകടസ്ഥലത്ത് നിന്നും വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിലെ വിവരങ്ങള്‍ അമേരിക്കയ്ക്കോ ബ്ലാക്ക് ബോക്സ് അമേരിക്കന്‍ കമ്പനിയായയ ബോംയിഗിനോ കൈമാറാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങള്‍ പ്രകാരം വിമാനപകടം ഉണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത് അപകടം നടന്ന രാജ്യമാണെങ്കിലും വിമാനക്കമ്പനിക്കും അന്വേഷണം നടത്താന്‍ അവകാശമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറേയും ഉക്രൈന്‍-കാനഡ പൗരന്‍മാര്‍ ആയതിനാല്‍ ഈ രാജ്യങ്ങളും അപകടകാരണം പുറത്തുവിടാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam