Latest Videos

ഉക്രൈന്‍ വിമാനം അബദ്ധത്തില്‍ തകര്‍ത്തു; ഒടുവില്‍ ഇറാന്‍റെ കുറ്റസമ്മതം

By Web TeamFirst Published Jan 11, 2020, 10:12 AM IST
Highlights

176- പേരുടെ മരണത്തിന് കാരണമായ ഉക്രൈന്‍ വിമാനദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാന്‍. അബദ്ധത്തില്‍ വെടിവച്ചിട്ടെന്ന് കുറ്റസമ്മതം

തെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ നിന്നും ഉക്രൈനിലേക്കുള്ള യാത്രക്കിടയില്‍ ഉക്രൈന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 യാത്രവിമാനം തകര്‍ന്നു വീണ സംഭവം അപകടമല്ലെന്ന് വെളിപ്പെടുത്തല്‍. യാത്രവിമാനം തങ്ങള്‍ അബദ്ധത്തില്‍ മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയതാണെന്ന് ഇറാന്‍ സമ്മതിച്ചു. അമേരിക്കയുമായി സംഘര്‍ഷം മൂര്‍ച്ഛിച്ചു നിന്ന സമയമായതിനാല്‍ ശത്രുവിമാനമാണെന്ന തെറ്റിദ്ധാരണയില്‍ വിമാനത്തെ ആക്രമിച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ഇറാന്‍ ഇപ്പോള്‍ തുറന്നു സമ്മതിക്കുന്നത്.

യാത്രക്കാരും വിമാനജീവനക്കാരുമടക്കം 176- പേരുടെ മരണത്തിന് കാരണമായ വിമാനാപകടം സാങ്കേതിക തകരാര്‍ മൂലമാണെന്നായിരുന്നു ഇറാന്‍ ആദ്യം വിശദീകരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇറാന്‍ യാത്രവിമാനത്തെ ആക്രമിച്ചോ എന്ന് സംശയിക്കുന്നതായും അമേരിക്കയും കാനഡയും ബ്രിട്ടണും അടക്കമുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. 

ഇറാന്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെയോടെയാണ് വിമാനപകടം അബദ്ധത്തില്‍ ഉണ്ടായതാണെന്ന കുറ്റസമ്മതം ഇറാന്‍ നടത്തിയത്. ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഇറാന്‍ സൈന്യമാണ് ഇക്കാര്യം ആദ്യം സ്ഥിരീകരിച്ചത്. പിന്നാലെ തങ്ങളുടെ കൈയ്യബദ്ധത്തിന് മാപ്പ് ചോദിച്ചു കൊണ്ട് ഇറാന്‍ വിദേശകാര്യമന്ത്രിയും ട്വിറ്ററിലൂടെ രംഗത്ത് എത്തി. 

അപകടസ്ഥലത്ത് നിന്നും വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് നേരത്തെ കണ്ടെത്തിയിരുന്നുവെങ്കിലും അതിലെ വിവരങ്ങള്‍ അമേരിക്കയ്ക്കോ ബ്ലാക്ക് ബോക്സ് അമേരിക്കന്‍ കമ്പനിയായയ ബോംയിഗിനോ കൈമാറാന്‍ ഇറാന്‍ തയ്യാറായിരുന്നില്ല. അതേസമയം അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങള്‍ പ്രകാരം വിമാനപകടം ഉണ്ടായാല്‍ അതേക്കുറിച്ച് അന്വേഷണം നടത്തേണ്ടത് അപകടം നടന്ന രാജ്യമാണെങ്കിലും വിമാനക്കമ്പനിക്കും അന്വേഷണം നടത്താന്‍ അവകാശമുണ്ട്. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറേയും ഉക്രൈന്‍-കാനഡ പൗരന്‍മാര്‍ ആയതിനാല്‍ ഈ രാജ്യങ്ങളും അപകടകാരണം പുറത്തുവിടാന്‍ ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 

 

click me!