
ഇംഗ്ലണ്ടിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും ശതകോടീശ്വരനുമായ സൈമൺ ഡോളൻ രാജ്യത്ത് കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ, ഗവൺമെന്റിനെ പ്രതിചേർത്തുകൊണ്ട് ഹൈക്കോടതിയിൽ അന്യായം ഫയൽ ചെയ്തിരിക്കുകയാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാരണം രക്ഷപ്പെടുന്നതിലേറെ ജീവൻ, ആ നിയന്ത്രണങ്ങൾ കാരണമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്താൽ നഷ്ടപ്പെടും എന്നാണ് സൈമന്റെ വാദം. സാമ്പത്തിക രംഗത്തെ ലോക്ക് ഡൗൺ ദീർഘകാലത്തേക്ക് നിശ്ചലമാകും എന്നും, അത് നാട്ടിലെ ബിസിനസ് സ്ഥാപനങ്ങളിൽ പലതിന്റെയും നട്ടെല്ലൊടിക്കും എന്നും ഈ ബിസിനസ് മാഗ്നറ്റ് അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ കാരണം ബിസിനസ് രംഗത്തുണ്ടാകുന്ന മാന്ദ്യം, നിരവധി സംരംഭകരെ ആത്മഹത്യയിലേക്ക് നയിക്കാനും സാധ്യതയുണ്ട് എന്ന് സൈമൺ വാദിക്കുന്നു.
സൺഡേ ടൈംസിന്റെ റിച്ച് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ള ഈ സംരംഭകന്റെ ആകെ ആസ്തി 200 മില്യൺ പൗണ്ടിൽ അധികമാണ്. 1850 കോടി രൂപയോളം വരും ഇത്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക്, വിദ്യാഭ്യാസ സെക്രട്ടറി ഗവിൻ വില്യംസൺ എന്നിവരെ പ്രതിചേർത്താണ് സൈമൺ ഡോളന്റെ അന്യായം. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടു സൈമൺ, പ്രതിദിനം രണ്ടര ബില്യൺ പൗണ്ടിന്റെ നഷ്ടം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാകുന്നുണ്ടെന്ന് വെളിപ്പെടുത്തി. യൂറോപ്യൻ കൺവെൻഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് വളരെ കർക്കശമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതുവരെ £128,000 കേസ് നടത്താൻ വേണ്ടി ക്രൗഡ് ഫണ്ടിംഗ് വഴി നാലായിരത്തിൽ അധികം പേർ ചേർന്ന് സൈമണിന് നൽകിക്കഴിഞ്ഞു. ജീവിക്കാനുള്ള വക സമ്പാദിക്കാനും, സ്നേഹിതരെയും, ബന്ധുക്കളെയും ഒക്കെ സന്ദർശിക്കാനും ഒക്കെയുള്ള തങ്ങളുടെ പ്രാഥമികമായ അവകാശങ്ങളെ ലോക്ക് ഡൗൺ ഇല്ലാതാക്കുന്നു എന്ന് സൈമൺ വാദിക്കുന്നു. സുരക്ഷയെക്കരുതി വീട്ടിനുള്ളിൽ കഴിയണോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാവണം എന്നാണ് അദ്ദേഹം വാദിക്കുന്നത്.
ഇത്തരത്തിൽ പൗരന്മാരുടെ നിത്യ ജീവിതത്തിനു ഭംഗം വരുത്തുന്ന, അവരെ അധ്വാനിച്ച് ജീവിതം പുലർത്തുന്നതിൽ നിന്ന് തടയുന്ന തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, സമ്പദ് വ്യവസ്ഥയെ തച്ചു തകർക്കാനും ഗവൺമെന്റിന് അധികാരമില്ല എന്ന് വാദിച്ചുകൊണ്ടാണ് സൈമൺ ഡോളൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ജോട്ട ഏവിയേഷൻ, ഡോളൻ അക്കൗണ്ടൻസി, മാൻഡലെ എസ്റ്റേറ്റ് തുടങ്ങി നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായ സൈമൺ ഡോളൻ കൊവിഡുമായി ബന്ധപ്പെട്ട സന്നദ്ധസേവനങ്ങളിലും സജീവമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam