
ലണ്ടൻ: സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളമായ ആർ.എ.എഫ് അക്രോട്ടീരിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ സുരക്ഷ ശക്തമാക്കി ബ്രിട്ടൻ. റോയൽ നേവിയുടെ പ്രമുഖ യുദ്ധക്കപ്പലായ എച്ച്.എം.എസ് ഡ്രാഗൺ പോർട്സ്മൗത്ത് ഹാർബറിൽ നിന്നും യാത്ര തിരിച്ചു. മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ നേരിടാനാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഈ കപ്പലിനെ നിയോഗിച്ചതെന്ന് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ലോകത്തെ തന്നെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായ ‘സീ വൈപ്പർ’ മിസൈൽ സിസ്റ്റമാണ് ഈ കപ്പലിന്റെ പ്രധാന കരുത്ത്. പത്ത് സെക്കൻഡിൽ താഴെ സമയത്തിനുള്ളിൽ എട്ട് മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാനും, ഒരേസമയം 16 മിസൈലുകളെ ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി നയിക്കാനും ഈ സംവിധാനത്തിന് ശേഷിയുണ്ട്. ശത്രുക്കളുടെ വിമാനങ്ങൾ, ദീർഘദൂര മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ എച്ച്. എം. എസ് ഡ്രാഗണിന്റെ സാന്നിധ്യം ബ്രിട്ടീഷ് സൈന്യത്തിന് വലിയ മുതൽക്കൂട്ടാകും.
മേഖലയിൽ സംഘർഷം പുകയുന്ന സാഹചര്യത്തിൽ സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി സൈനിക നീക്കത്തിന് പിന്നിലുണ്ട്. ഡ്രോൺ ആക്രമണം നടത്തിയവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഇത്തരം പ്രകോപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽ ഗതാഗത പാതകൾക്കും തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്കും സുരക്ഷ നൽകുന്നതിനായി കൂടുതൽ സേനാവിന്യാസം നടത്താനും സാധ്യതയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam