പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനുമായി നടത്തിയ ചർച്ചയിൽ, ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും നയതന്ത്ര ചർച്ചകളെ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി.
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിലും കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിക്കുകയും ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു.
ചരക്ക് കപ്പലുകൾക്കും നാവികർക്കും നേരെ ഏത് ഭാഗത്തു നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ എപ്പോഴും നയതന്ത്ര ചർച്ചകളെയാണ് പിന്തുണയ്ക്കുന്നതെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.
'ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ ഇന്ത്യയുടെ കടുത്ത ആശങ്ക അറിയിച്ചു. യാതൊരു കാരണവശാലും ചരക്ക് കപ്പലുകൾക്കോ നാവികർക്കോ നേരെ ആക്രമണം ഉണ്ടാകരുത്. ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു'-എസ്. ജയശങ്കർ കുറിച്ചു.
സമുദ്രപാതകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമായതോടെ നിരവധി ഇന്ത്യൻ നാവികരാണ് അപകടത്തിലായിരിക്കുന്നത്. ഇത് ഇന്ത്യയ്ക്ക് വലിയ നയതന്ത്ര-മാനുഷിക ആശങ്ക ഉയർത്തുന്നുണ്ട്. ചരക്ക് കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനുമായി യു.എസ് സെൻട്രൽ കമാൻഡ് മേഖലയിൽ വൻ നാവിക സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ജൂലൈ 30 വരെയുള്ള കണക്കുകൾ പ്രകാരം, 24 വാണിജ്യ കപ്പലുകളുടെ ദിശ തിരിച്ചുവിടുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്തതായി യുഎസ് സൈന്യം അറിയിച്ചു.
ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് മറുപടിയായി യുഎസ് ശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്‍റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അമേരിക്കൻ തിരിച്ചടി. പേർഷ്യൻ ഉൾക്കടലിലെ ദ്വീപുകളിലും തെക്കൻ പ്രവിശ്യകളായ ഹോർമോസ്ഗാൻ, ഖുസെസ്താൻ എന്നിവിടങ്ങളിലെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾക്ക് സമീപവും വൻ സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ സ്ഥിരീകരിച്ചു.


