മാസ്ക് ധരിക്കാതെ പള്ളിയില്‍ പോയി; ബള്‍ഗേറിയന്‍ പ്രധാനമന്ത്രിക്ക് വന്‍തുക പിഴ ശിക്ഷ

By Web TeamFirst Published Jun 30, 2020, 5:13 PM IST
Highlights

ജൂണ്‍ 22 തിങ്കളാഴ്ചയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന ബള്‍ഗേറിയക്കാര്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കിരില്‍ അനാനിയേവ് ഉത്തരവിട്ടത്. സമീപ കാലത്ത് ഏറ്റവുമധികം ഉയര്‍ന്ന നിലയില്‍ കൊവിഡ് രോഗികളുടെ എണ്ണം എത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. 

സോഫിയ(ബള്‍ഗേറിയ): കൊവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്ന ബള്‍ഗേറിയന്‍ പ്രധാനമന്ത്രിക്ക് പിഴയിട്ട് ആരോഗ്യവകുപ്പ്. ജൂണ്‍ 23 ന് മാസ്ക് ധരിക്കാതെ പള്ളിയില്‍ പോയ പ്രധാനമന്ത്രി ബോയ്കോ ബോറിസോവിനാണ് ബള്‍ഗേറിയയിലെ ആരോഗ്യ വകുപ്പ് പിഴയിട്ടത്. പതിമൂവായിരത്തോളം രൂപയാണ്(174 ഡോളര്‍) പിഴത്തുക.

ജൂണ്‍ 22 തിങ്കളാഴ്ചയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന ബള്‍ഗേറിയക്കാര്‍ മാസ്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കിരില്‍ അനാനിയേവ് ഉത്തരവിട്ടത്. സമീപ കാലത്ത് ഏറ്റവുമധികം ഉയര്‍ന്ന നിലയില്‍ കൊവിഡ് രോഗികളുടെ എണ്ണം എത്തിയതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെ ജൂണ്‍ 23ന് റിലെ ആശ്രമ ദേവാലയം ബള്‍ഗേറിയന്‍ പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് സന്ദര്‍ശിച്ചത്. 

സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രിയും, സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനായി പോയ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരും മാസ്ക് ധരിച്ചിരുന്നില്ല. ഈ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരോഗ്യ വകുപ്പ് പ്രധാനമന്ത്രിക്കും മാസ്ക് ധരിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പിഴയിട്ടത്. കൊവിഡ് നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം കൊവിഡ് കേസുകള്‍ വര്‍ധിച്ചതോടെയാണ് ബള്‍ഗേറിയ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചത്. 

click me!