
ബെയ്‌ജിങ് : ചൈനയുടെ മിലിട്ടറി റിസർവ് ഫോഴ്സസ് ഇനിമുതൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിക്കും, സെൻട്രൽ മിലിട്ടറി കമ്മീഷനും റിപ്പോർട്ട് ചെയ്യും. പ്രസിഡന്റ് ഷി ജിൻ പിങ് ആണ് രണ്ടിന്റെയും തലപ്പത്ത് തൽക്കാലമുള്ളത്. സൈന്യത്തിന്റെ അധികാരം തന്നിലേക്ക് തന്നെ പൂർണ്ണമായും കേന്ദ്രീകരിക്കാനും ചൈനയിലെ പട്ടാളത്തെ കൂടുതൽ അച്ചടക്കമുളളതാക്കാനും ലക്ഷ്യമിട്ടാണ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഈ അപ്രതീക്ഷിത നീക്കം ഉണ്ടായിരിക്കുന്നത്. സൈനിക അധികാര കേന്ദ്രങ്ങളുടെയും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളുടെയും ഒന്നിച്ചുള്ള നിയന്ത്രണത്തിലാണ് ഇന്നുവരെ ഈ റിസർവ് സേനകൾ പ്രവർത്തിച്ചു പോന്നിരുന്നത്. പ്രാദേശികമായ ആ നിയന്ത്രണ സംവിധാനങ്ങൾ എടുത്തുകളഞ്ഞാണ് ഇപ്പോൾ പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലേക്കും, സിഎംസിയിലേക്കും അധികാരം ചുരുക്കിയിട്ടുള്ളത്. ജൂലൈ ഒന്നുതൊട്ട് ഈ പുതിയ സംവിധാനം നിലവിൽ വരുമെന്ന് ഗവണ്മെന്റ് നിയന്ത്രിത മാധ്യമ സ്ഥാപനമായ സിൻഹുവ റിപ്പോർട്ട് ചെയ്തു.
ഇത്തരത്തിൽ ഒരു പരിഷ്‌കാരം വരും എന്ന് 2017 മുതൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി വൃത്തങ്ങളിൽ നിന്ന് സൂചനകൾ ഉണ്ടായിരിക്കുന്നു എങ്കിലും, ഇപ്പോഴാണ് അതുസംബന്ധിച്ച സ്ഥിരീകരണം വന്നിരിക്കുന്നത്. റിസർവിൽ സൂക്ഷിക്കുന്ന ഈ സൈന്യത്തെ വലിയൊരു ആഭ്യന്തര യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ മാത്രമാണ് സാധാരണ ഫീൽഡിലേക്ക് പറഞ്ഞയക്കാറുള്ളത്. ബുദ്ധിസ്റ്റ് വിമതർ പാർക്കുന്ന ടിബറ്റ്, ഉയിഗുർ വിമതരുടെ ആവാസകേന്ദരമായ സിൻജിയാങ് എന്നിവിടങ്ങളിൽ കലാപമുണ്ടായാൽ അവിടേക്ക് പറഞ്ഞയക്കാനാണ് ഈ സൈന്യത്തെ ചൈന തയാറാക്കി നിർത്തുന്നത്. ഇപ്പോൾ വന്നിട്ടുള്ള ഈ പരിഷ്‌കാരം ഈ റിസർവ് സൈന്യത്തിന്റെ അംഗബലം വെട്ടിച്ചുരുക്കാൻ കൂടി ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam