
വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 90,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പുതിയ ബോൾറൂമിന്റെ നിർമ്മാണം തിങ്കളാഴ്ച ആരംഭിച്ചതോടെ വൈറ്റ് ഹൗസിന്റെ ഈസ്റ്റ് വിംഗ് പൊളിച്ചു തുടങ്ങി. ബാള്‍ റൂം നിർമാണം പൂർത്തിയാകുന്നതോടെ വൈറ്റ് ഹൗസിന്റെ വിസ്തൃതി ഇരട്ടിയാകുമെന്നും രൂപഭംഗി പൂർണ്ണമായും മാറുമെന്നും പറയുന്നു. ട്രംപ് നേരത്തെയും വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ബുൾഡോസറുകൾ എത്തിയാണ് പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വൈറ്റ് ഹൗസിന്റെ പുതുക്കിപ്പണിതിട്ടില്ലാത്ത ചുരുക്കം ചില ഭാഗങ്ങളിൽ ഒന്നായിരുന്നു ഈസ്റ്റ് വിംഗ്. ഓവൽ ഓഫീസും കാബിനറ്റ് റൂമും സ്വർണം കൊണ്ട് അലങ്കരിക്കുകയും റോസ് ഗാർഡൻ അദ്ദേഹത്തിന്റെ മാർ-എ-ലാഗോ റിസോർട്ട് പോലെ നവീകരിക്കുകയും ചെയ്തു. മുൻവശത്തും പിൻവശത്തും ഉയരമുള്ള കൊടിമരങ്ങളും സ്ഥാപിച്ചു.
മുകളിലത്തെ നിലയിലെ ലിവിംഗ് ക്വാർട്ടേഴ്‌സുകളിൽ അദ്ദേഹം മാറ്റങ്ങൾ വരുത്തുകയും കെന്നഡി സെന്ററിലെ നവീകരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. പൊട്ടോമാക് നദിക്ക് കുറുകെ ഒരു ആർക്ക് ഡി ട്രയോംഫ് ശൈലിയിലുള്ള കമാനം നിർമ്മിക്കാനും പദ്ധതിയുണ്ട്. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും വൈറ്റ് ഹൗസ് എങ്ങനെയായിരിക്കുമെന്ന് ആർക്കും കൃത്യമായി അറിയില്ല.
ഈസ്റ്റ് വിംഗിന്റെ ചുവരുകൾ ഒരു വലിയ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് പൊളിച്ചുമാറ്റി. തൊഴിലാളികൾ ഗ്ലാസ്, ഇഷ്ടികകൾ, വയറുകൾ എന്നിവയുടെ കൂമ്പാരങ്ങൾ നീക്കം ചെയ്തു. വൈറ്റ് ഹൗസിന്റെ മറുവശത്ത്, ട്രംപ് ഒരു കോളേജ് ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ടീമുമായി കൂടിക്കാഴ്ച നടത്തി. ഇവരോടും ട്രംപ് നിർമാണത്തെക്കുറിച്ച് പറഞ്ഞു. പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വൈറ്റ് ഹൗസ് നവീകരണങ്ങളിൽ ഒന്നാണിതെന്നും പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ വെസ്റ്റ് വിംഗ് നിർമ്മിച്ചതിനുശേഷം ഇത്രയും വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. 200 മില്യൺ ഡോളർ ചിലവഴിക്കുന്ന ഈ ബോൾറൂം നിലവിലെ കെട്ടിടത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. കഴിഞ്ഞ ആഴ്ച, ട്രംപ് കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾക്കൊപ്പം ഒരു അത്താഴവിരുന്ന് നടത്തിയപ്പോൾ അവർ ബോൾറൂമിന് പണം നൽകാൻ സമ്മതിച്ചു. സമ്പന്നർക്ക് പ്രസിഡന്റിനെ സ്വാധീനിക്കാനുള്ള മാർഗമായെന്ന് ഈ നടപടിക്ക് പിന്നാലെ വിമർശനമുയർന്നു.
പരമ്പരാഗതമായി, പ്രഥമ വനിതയും ജീവനക്കാരും ഉപയോഗിച്ചിരുന്ന സ്ഥലമാണ് ഈസ്റ്റ് വിംഗ്. ഈ മാസം ആദ്യം, മെലാനിയ ട്രംപിന്റെ ചില ജീവനക്കാർ അവരുടെ സാധനങ്ങൾ പായ്ക്ക് ചെയ്ത് വൈറ്റ് ഹൗസ് സമുച്ചയത്തിലെ മറ്റൊരിടത്തേക്ക് താമസം മാറി.