
സിയോൾ: പാറ്റയെ കൊല്ലാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് തീയിട്ട യുവതിക്ക് അറസ്റ്റ് വാറന്റ്. ദക്ഷിണ കൊറിയയിലാണ് സംഭവം. പാറ്റയെ കൊല്ലാനായി യുവതി ഫ്ലെയിം ത്രോവർ ഉപയോഗിച്ചതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന കെട്ടിടത്തിൽ തീ പിടിച്ചിരുന്നു. തീ പടർന്ന കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയൽവാസി മരണപ്പെട്ടതിന് പിന്നാലെയാണ് 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കിയത്. ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ഉപയോഗിച്ചാണ് 20 കാരി പാറ്റയെ കത്തിക്കാൻ നോക്കിയത്. എന്നാൽ സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക് പടർന്ന് പിടിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. ദക്ഷിണ കൊറിയയിലെ വടക്കൻ നഗരമാ ഒസാനിലാണ് സംഭവം.
അബദ്ധത്തിൽ തീ പടത്തിയതിനും അശ്രദ്ധ മൂലം ഒരാൾ മരിച്ചതിനുമാണ് 20കാരിക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്. വീട്ടിനുള്ളിലെ കീടങ്ങളെ നിയന്ത്രിക്കുന്നതിന് അവയ്ക്ക് നേരെ തീ ജ്വാല പ്രയോഗിക്കുന്നത് സാധാരണ ചെയ്ത് വരാറുള്ള കാര്യമാണ്. ഈ പരിഹാര മാർഗം വൈറലാവുന്നതിന് പിന്നിൽ സമൂഹമാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. 2018ൽ ഓസ്ട്രേലിയയിൽ യുവാവ് സ്വന്തം അടുക്കള ഇത്തരത്തിൽ കത്തിച്ചിരുന്നു. കീടനിയന്ത്രണത്തിനുള്ള സ്പ്രേ ലൈറ്ററിന് മുന്നിൽ പിടിച്ചായിരുന്നു അന്ന് യുവാവ് കീടങ്ങളെ ഓടിക്കാൻ ശ്രമിച്ചത്. ചൈനീസ് സ്വദേശിയായ 30കാരിയാണ് ഒസാൻ സിറ്റിയിലുണ്ടായ അഗ്നിബാധയിൽ മരിച്ചത്. തീ പടർന്നപ്പോൾ കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതി തറയിൽ വീണാണ് മരിച്ചത്.
അഞ്ചാം നിലയിലായിരുന്നു യുവതി താമസിച്ചിരുന്നത്. രണ്ട് മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. കെട്ടിടത്തിലേക്ക് തീ പടർന്നപ്പോൾ കുട്ടിയെ അടുത്ത ബ്ലോക്കിലെത്തിയ രക്ഷാപ്രവർത്തകർക്ക് കൈമാറാൻ യുവതിക്ക് സാധിച്ചിരുന്നു. ഇതിന് ശേഷം ജനലിലൂടെ അടുത്ത ബ്ലോക്കിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് 30കാരി താഴേയ്ക്ക് വീണത്. പടികളിൽ പുക നിറഞ്ഞ് കാണാൻ പറ്റാത്ത സ്ഥിതിയിലാണ് യുവതി ജനൽ വഴി പുറത്തിറങ്ങാൻ ശ്രമിച്ചത്. ഒന്നാം നിലയിൽ വ്യാപാര സ്ഥാപനങ്ങളും ശേഷിക്കുന്ന നിലകളിലായി 32 വീടുകളുമുള്ള കെട്ടിടത്തിലാണ് 20കാരി പാറ്റയെ പിടിക്കാനുള്ള ശ്രമത്തിനിടെ തീയിട്ടത്. കെട്ടിടത്തിലെ താമസക്കാരിൽ 8 പേർ വിഷപ്പുക ശ്വസിച്ച് ചികിത്സയിൽ കഴിയുകയാണ്.