
മോസ്കോ: യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉപരോധങ്ങൾ കടുപ്പിച്ചിരിക്കെ ശക്തി പ്രകടനവുമായി റഷ്യ. റഷ്യയുടെ പുതിയ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരമായെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അറിയിച്ചിരിക്കുന്നത്. ബ്യൂർവെസ്നിക് ക്രൂയിസ് മിസൈലാണ് റഷ്യയുടെ പുത്തൻ ആയുധം. എന്താണ് ആണവ എൻജിനുള്ള ഈ ബ്യൂർവെസ്നിക് ക്രൂയിസ് മിസൈൽ എന്ന് നോക്കാം.
ബ്യൂർവെസ്നിക് എന്ന റഷ്യൻ വാക്കിന് സ്റ്റോം പെട്രൽ എന്നാണ് അർത്ഥം. കൊടുങ്കാറ്റിനെ സൂചിപ്പിക്കുന്ന ഒരു കടൽപക്ഷിയുടെ പേരാണിത്. പരീക്ഷണ പറക്കലിൽ ബ്യൂർവെസ്നിക് മിസൈൽ 15 മണിക്കൂർ വായുവിൽ ചെലവഴിച്ചുവെന്നും 14,000 കിലോമീറ്റർ പിന്നിട്ടെന്നുമാണ് റഷ്യൻ സൈനിക ജനറൽ അവകാശപ്പെടുന്നത്. സമുദ്രനിരപ്പിൽ വിക്ഷേപിക്കാവുന്നതും വളരെ താഴ്ന്ന് പറക്കാൻ ശേഷിയുള്ളതുമായ ക്രൂയിസ് മിസൈലാണിത്. ഇവയ്ക്ക് 50 മുതൽ 100 മീറ്റർ ഉയരത്തിൽ വരെ താഴ്ന്ന് പറക്കാകും. അതുകൊണ്ടു തന്നെ ബാലിസ്റ്റിക് മിസൈലുകളെ കടത്തിവെട്ടാനും മറ്റ് രാജ്യങ്ങളുടെ മിസൈൽ ഡിഫൻസ് റഡാറുകളുടെ കണ്ണിൽ പെടാതിരിക്കാനും ഇവയ്ക്ക് കഴിയും.
ന്യൂക്ലിയർ റിയാക്ടർ ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവർത്തനം. വിക്ഷേപിച്ചതിന് ശേഷമാകും ഈ റിയാക്ടറുകൾ ആക്ടിവേറ്റാവുക. ഒരു ചെറിയ ന്യൂക്ലിയർ പവർ യൂണിറ്റ് ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് മിസൈലിന് ദീർഘനേരം വായുവിൽ തുടരാനും വളരെ ദൂരം സഞ്ചരിക്കാനും മിസൈലിനെ അനുവദിക്കും. ന്യൂക്ലിയർ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ആണവായുധങ്ങളെ വഹിക്കാൻ കഴിവുള്ളതുമാണിത്. അതുകൊണ്ടുതന്നെ ഈ മിസൈലുകൾ പറക്കുന്ന ഒരു ചെർണോബിൽ ആകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
മിസൈലിന് പതിനായിരം മുതൽ ഇരുപതിനായിരം കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നാണ് റഷ്യൻ സൈനിക ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യയിൽ എവിടെയും ആസ്ഥാനമാക്കി ഈ മിസൈൽ ലോകത്തെ ഏത് ലഷ്യത്തിലേക്കും വിക്ഷേപിക്കാകും എന്നാണ് റഷ്യൻ അവകാശവാദം. അമേരിക്കൻ മിസൈൽ ഉപരോധമായ ഗോൾഡൻ ഡോമിനെപ്പോലും മറകടക്കാൻ ഇവയ്ക്ക് കഴിഞ്ഞേക്കും.
2018 മാർച്ചിൽ പുടിൻ വെളിപ്പെടുത്തിയ റഷ്യയുടെ ആറ് സ്ട്രാറ്റജിക് വെപ്പൺസ് പ്രൊജക്ടിൽ ഒന്നാണ് ബ്യൂർവെസ്നിക് മിസൈൽ. ഓൾ-റഷ്യൻ സയന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്പിരിമെന്റൽ ഫിസിക്സാണ് മിസൈൽ വികസിപ്പിച്ചെടുത്തത്. 2027ഓടെ റഷ്യൻ സൈന്യം മിസൈൽ ഏറ്റെടുക്കുമെന്നാണ് വിവരം. സ്കൈഫാൾ എന്നാണ് നാറ്റോ ഈ മിസൈലുകൾക്ക് നൽകിയിരിക്കുന്ന കോഡ്. ലോകത്ത് മറ്റാരുടെയും പക്കലില്ലാത്ത ആയുധം എന്നാണ് പുടിൻ ബ്യൂർവെസ്നിക് മിസൈൽ പരീക്ഷണം വിജയകരമാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവകാശപ്പെട്ടത്.
വെസ്റ്റേൺ ലോങ് റേഞ്ച് ആയുധങ്ങൾ ഉപയോഗിക്കുന്നതിന് യുക്രൈന് മേലുണ്ടായിരുന്ന നിയന്ത്രണങ്ങൾ ട്രംപ് ഭരണകൂടം നീക്കിയതിന് പിന്നാലെയാണ് ഈ മിസൈൽ പരീക്ഷണ വിജയമെന്നുള്ള റഷ്യൻ പ്രഖ്യാപനമെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
അമേരിക്കൻ മിസൈൽ പ്രതിരോധ നീക്കങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് 2000ത്തിന്റെ തുടക്കത്തിൽ ബ്യൂർവെസ്നിക് മിസൈലുകൾ വികസിപ്പിക്കുന്നതിലേക്ക് റഷ്യ കടന്നത്. 1972ലെ ആന്റി ബാലിസ്റ്റിക് മിസൈൽ ഉടമ്പടിയിൽനിന്നും 2001ൽ അമേരിക്ക പിന്മാറിയിരുന്നു. ആണവ പ്രതിരോധ നിലപാടിനോടുള്ള വെല്ലുവിളിയായിട്ടാണ് റഷ്യ ഈ നീക്കങ്ങളെ കാണുന്നത്. ഇതിനുള്ള മറുപടിയാണ് ബ്യൂർവെസ്നിക് എന്നാണ് പുടിൻ ആവർത്തിച്ച് പറഞ്ഞിട്ടുള്ളത്.
ബ്യൂർവെസ്നിക് പരീക്ഷണം വിജയമെന്ന് റഷ്യ അവകാശപ്പെടുമ്പോഴും 2017മുതൽ പലകുറി ഇത് പരാജയപ്പെട്ടത് ചൂണ്ടിക്കാണിക്കുന്നുണ്ട് പല രഹസ്യാന്വേഷണ ഏജൻസികളും. ബ്യൂർവെസ്നിക്കിന്റെ മുൻകാല പരീക്ഷണങ്ങളിൽ പലതും പരാജയമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2019ൽ വൈറ്റ് സീയിൽ നടത്തിയ പരീക്ഷണത്തിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് റഷ്യൻ ന്യൂക്ലിയർ സ്പെഷ്യലിസ്റ്റുകൾ കൊല്ലപ്പെട്ടെന്നാണ് യുഎസ് രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ പരിസര പ്രദേശങ്ങളിൽ റേഡിയേഷനുണ്ടാവുകയും ചെയ്തിരുന്നു. ഇക്കാര്യം റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, പുടിൻ പിന്നീട് അന്ന് കൊല്ലപ്പെട്ട ഗവേഷകരുടെ കുടുംബങ്ങൾക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിരുന്നു. ബ്യൂർവെസ്നിക് മിസൈലുകളുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ റഷ്യയ്ക്ക് സമാനതകളില്ലാത്ത നേട്ടമായിരിക്കുമെന്നാണ് റിപ്പോർട്ട്.