
ഹവായി: ദക്ഷിണ ചൈനാക്കടലിൽ അമേരിക്കൻ നാവികസേനയുടെ ഹെലികോപ്ടറും, യുദ്ധവിമാനവും തകർന്നുവീണു. തിങ്കളാഴ്ചയാണ് ഹെലികോപ്ടർ അപകടം യുഎസ് നാവിക സേന സ്ഥിരീകരിച്ചത്. സുരക്ഷാ സംബന്ധിയായ ആശങ്കയുണ്ടാക്കുന്നതാണ് സംഭവമെന്നാണ് യുഎസ് നാവിക സേന വിശദമാക്കുന്നത്. ഹെലികോപ്ടറിലുണ്ടായിരുന്നവർ സുരക്ഷിതരാണെന്നും അപകട കാരണത്തേക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായുമാണ് യുഎസ് നാവിക സേന വിശദമാക്കിയിട്ടുള്ളത്. യുഎസ് നാവിക സേനയും പസഫിക് സേനാ വ്യൂഹമാണ് അപകടം സംബന്ധിച്ച് പ്രസ്താവന പുറത്ത് വിട്ടത്. ഞായറാഴ്ച ഹെലികോപ്ടറും യുദ്ധവിമാനവും നിരീക്ഷണ പറക്കൽ നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. വെവ്വേറ നിരീക്ഷണത്തിലായിരുന്നു യുദ്ധ വിമാനവും ഹെലികോപ്ടറുമുണ്ടായിരുന്നതെന്നാണ് യുഎസ് നാവിക സേന വിശദമാക്കിയത്. എംഎച്ച് 60 ആർ സീ ഹോക് എന്ന ഹെലികോപ്ടറാണ് തകർന്നത്. യുഎസ്എസ് നിമിറ്റ്സ് എന്ന വിമാന വാഹിനി കപ്പലിന്റെ ഭാഗമായിരുന്നു തകർന്ന ഹെലികോപ്ടർ. അതേസമയം എഫ് എൽ 18 എഫ് സൂപ്പർ ഹോർണെറ്റ് ഫൈറ്ററാണ് മറ്റൊരു സംഭവത്തിൽ ഞായറാഴ്ച ദക്ഷിണ ചൈനാക്കടലിൽ തകർന്ന വിമാനം. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇവ തകർന്നതെന്നും യുഎസ് നേവി വിശദമാക്കുന്നത്.
പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 2.45ഓടെയാണ് സീ ഹോക് ഹെലികോപ്ടർ തകർന്നത്. സ്ഥിരം നിരീക്ഷണ പറക്കലിന് ഇടയിലാണ് ഹെലികോപ്ടർ തകർന്നത്. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരെയും രക്ഷിച്ചതായി നാവിക സേന വിശദമാക്കി.3.15ഓടെയാണ് സൂപ്പർ ഹോർണെറ്റ് ജെറ്റ് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന നാവിക സേനാ ഉദ്യോഗസ്ഥർ സ്വയം ഇജക്ട് ചെയ്തതിനാൽ അപകടത്തിൽ ആളപായമില്ല. ദക്ഷിണ ചൈനാക്കടലിൽ ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ്, മലേഷ്യ, ബ്രൂണൈ, തായ്വാൻ അടക്കമുള്ള രാജ്യങ്ങൾ അവകാശ വാദങ്ങൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ ചൈനയാണ് നിർണായക മേഖലകളിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചിട്ടുള്ളത്.
അന്താരാഷ്ട്ര കോടതി വിധികളെ ലംഘിച്ച് കൂടിയാണ് ചൈന ഉടമസ്ഥാവകാശം സ്ഥാപിച്ചിരിക്കുന്നത്. മേഖല അന്താരാഷ്ട്ര ജലപാതയാക്കാനുള്ള അമേരിക്കൻ ശ്രമിങ്ങൾക്ക് വെല്ലുവിളിയുയർത്തിയതും ചൈന തന്നെയാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിൻങുമായി ഏഷ്യൻ സന്ദർശനത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അപകടം. ദക്ഷിണ കൊറിയയിൽ വച്ച് വ്യാഴാഴ്ചയാണ് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ച നടക്കുക. വ്യാപാര സംബന്ധിയായ ചർച്ചകളാണ് ഇരു നേതാക്കൾക്കിടയിലുണ്ടാവുകയെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.