
ജീവിതം ഒരു നെട്ടോട്ടമായി മാറിയ ഈ കാലത്ത്, 60 വയസ്സു വരെ കാത്തിരിക്കാതെ 25-ാം വയസ്സിൽ വിരമിക്കാൻ ഒരു അവസരം ലഭിച്ചാലോ? കേൾക്കുമ്പോൾ അതിശയം തോന്നാമെങ്കിലും മലേഷ്യയിലെ യുവാക്കൾക്കിടയിൽ ഇപ്പോൾ ട്രെൻഡായ ഒരു ഇടമുണ്ട്, അതാണ് 'യൂത്ത് റിട്ടയർമെന്റ് ഹോം'.
സാധാരണ റിട്ടയർമെന്റ് ഹോമുകൾ മുതിർന്ന പൗരന്മാർക്കുള്ളതാണെങ്കിൽ, മലേഷ്യയിലെ ഗോപെങ്ങിൽ ആരംഭിച്ച ഈ കേന്ദ്രം 30 വയസ്സിൽ താഴെയുള്ളവർക്ക് വേണ്ടിയുള്ളതാണ്. പഠനവും കരിയറും ലക്ഷ്യങ്ങളും നൽകുന്ന കടുത്ത സമ്മർദ്ദത്തിൽ നിന്ന് താൽക്കാലികമായി ഓടിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഇടം ഒരു സ്വർഗ്ഗമാണ്.
ഈ റിട്ടയർമെന്റ് ഹോമിൽ താമസിക്കണമെങ്കിൽ ഒരേയൊരു നിബന്ധന മാത്രമേയുള്ളൂ: "ഒന്നും ചെയ്യാൻ പാടില്ല". അതായത്, ഇത്ര മണിക്ക് എഴുന്നേൽക്കണമെന്നോ ജോലി ചെയ്യണമെന്നോ നിർബന്ധമില്ല, കോർപ്പറേറ്റ് ഇമെയിലുകളിൽ നിന്നും ടാർഗറ്റുകളിൽ നിന്നും പൂർണ്ണ മോചനം, താറാവുകളെ നോക്കിയിരിക്കാം, വെറുതെ ആകാശത്തേക്ക് നോക്കി സ്വപ്നം കണ്ടിരിക്കാം, മൂന്ന് നേരവും രുചികരമായ നാടൻ ഭക്ഷണം കൃത്യമായി ലഭിക്കും...
"മടുപ്പ്" എന്നത് ഒരു ഫാഷനായിട്ടല്ല, മറിച്ച് അതിജീവനത്തിനുള്ള വഴിയായിട്ടാണ് ഇവർ കാണുന്നത്.
ഏകദേശം 40,000 ഇന്ത്യൻ രൂപ നൽകിയാൽ ഒരു മാസം സമാധാനമായി ഇവിടെ കഴിയാം. നഗരത്തിലെ വലിയ വാടകയും ഭക്ഷണച്ചെലവും വെച്ചു നോക്കുമ്പോൾ ഇത് ലാഭകരമാണെന്ന് യുവാക്കൾ കരുതുന്നു.
ചൈനയിൽ തുടക്കമിട്ട 'Let it rot' എന്ന ആശയത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. കരിയറിലെ വിജയത്തിന് പിന്നാലെ ഓടി ജീവിതം നശിപ്പിക്കാതെ, പതുക്കെ ഒന്ന് വിശ്രമിക്കുക എന്നതാണ് ഇതിന്റെ സന്ദേശം. 25 വയസ്സിൽ തന്നെ ജോലിഭാരം കാരണം മാനസികമായി തകരുന്ന യുവാക്കളുടെ എണ്ണം കൂടുന്നത് ഇത്തരം കേന്ദ്രങ്ങൾക്ക് ആവശ്യക്കാരെ വർദ്ധിപ്പിക്കുന്നു.
8 ഏക്കറോളം വരുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രത്തിലേക്ക് എത്താൻ ഇപ്പോൾ വലിയ തിരക്കാണ്. ജനുവരി 2026 വരെയുള്ള ബുക്കിംഗുകൾ ഇപ്പോൾ തന്നെ പൂർത്തിയായി കഴിഞ്ഞു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സമാധാനം തേടി യുവാക്കൾ ഇവിടേക്ക് ഒഴുകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam