
വാഷിങ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കാൻ 54 വർഷത്തിന് ശേഷം നാസയുടെ ചാന്ദ്ര ദൗത്യം. ആർട്ടിമിസ് രണ്ടാം ദൗത്യം ഫെബ്രുവരിയിൽ ആയിരിക്കും. ഇപ്പോൾ ലക്ഷ്യമിടുന്നത് ഫെബ്രുവരി ആറാം തീയതി വിക്ഷേപണം നടത്താനാണ്. ഫെബ്രുവരി പത്ത് വരെ ലോഞ്ച് വിൻഡോ ഉണ്ട്.
ആർട്ടിമിസ് 2 ൽ യാത്ര ചെയ്യുക നാലംഗ സംഘമായിരിക്കും. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവർ തിരിച്ചു വരും. നാളെ വൈകീട്ട് വിക്ഷേപണ വാഹനമായ എസ്എൽഎസ് റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റാൻ തുടങ്ങും. 8 മുതൽ 10 മണിക്കൂർ വരെ സമയമെടുക്കുന്ന ദൌത്യമാണിത്. അതിനുശേഷം റോക്കറ്റിന് അകത്ത് ഇന്ധനം നിറച്ച് ചോർച്ചയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തും. ഈ സമയത്ത് എന്തെങ്കിലും പ്രശ്നം അനുഭവപ്പെട്ടാൽ മാർച്ച് 6 മുതൽ മാർച്ച് 11 വരെയാണ് സെക്കന്‍റ് ലോഞ്ച് വിൻഡോ നാസ തീരുമാനിച്ചിരിക്കുന്നത്. അസാധാരണ സാഹചര്യമുണ്ടായാൽ ദൌത്യം ഏപ്രിലേക്ക് നീളും.
അപ്പോളോ 11ന് ശേഷം വീണ്ടും മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൌത്യമാണ് നടക്കാനിരിക്കുന്നത്. ആദ്യമായി ഒരു വനിതയും സംഘത്തിലുണ്ട് എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസെൺ എന്നിവരാണ് സംഘത്തിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam