
വാഷിങ്ടൺ: പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ചർച്ച നടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി അസാധാരണമെന്ന് വിദഗ്ധർ. അമേരിക്കൻ ചരിത്രത്തിൽ തന്നെ മറ്റൊരു രാജ്യത്തിന്റെ സൈനിക മേധാവിക്ക് പ്രസിഡന്റ് നേരിട്ട് സ്വീകരണം നൽകുന്നതും ആദ്യം. രാഷ്ട്രത്തലവന്മാർക്കോ ഭരണത്തലവന്മാർക്കോ മാത്രമാണ് അമേരിക്കൻ പ്രസിഡന്റ് വിരുന്ന് നൽകുകയും കൂടിക്കാഴ്ചക്ക് അനുവാദം നൽകുകയും ചെയ്യുക.
മറ്റൊരു രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയോ വൈസ് പ്രസിഡന്റോ എത്തുമ്പോൾ പോലും പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ചയോ വിരുന്നോ പ്രോട്ടോക്കോൾ പ്രകാരം നൽകാറില്ല. എന്നാൽ ഇത്തരം പ്രോട്ടോക്കോളുകളെല്ലാം തെറ്റിച്ചാണ് മുനീറിനെ ട്രംപ് ഉച്ചഭക്ഷണത്തിന് ക്ഷണിച്ചത്.
ഇനി മറ്റൊരു രാജ്യത്ത് നിന്നെത്തുന്ന ഭരണത്തലവന്മാരല്ലാത്ത പ്രധാന വ്യക്തിയെ കാണണമെന്നുണ്ടെങ്കിൽ ഡ്രോപ് ഇൻ എന്ന രീതിയാണ് പ്രസിഡന്റുമാർ സ്വീകരിക്കുക. അതായത്, സന്ദർശനം നടത്തുന്ന അതിഥി, നേരത്തെ നിശ്ചയിച്ച ആളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ അപ്രതീക്ഷിതമായി പ്രസിഡന്റ് കടന്നുവരുന്ന രീതിയാണ് ഡ്രോപ് ഇൻ.
2002ൽ ഇന്ത്യൻ ഉപപ്രധാനമന്ത്രിയായിരുന്ന എൽകെ അദ്വാനി യുഎസ് സന്ദർശന വേളയിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രസിഡന്റായിരുന്ന ജോർജ് ബുഷ് ഡ്രോപ് ഇൻ ചെയ്തെത്തി അദ്വാനിയുമായി സംസാരിച്ചു. ജി7 ഉച്ചകോടിക്കെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു. അസിം മുനീർ അമേരിക്കൻ സന്ദർശനം നടത്തുന്ന അതേസമയം തന്നെയാണ് ട്രംപ് മോദിയെ ക്ഷണിച്ചത്. എന്നാൽ ക്ഷണം മോദി നിരസിച്ചു.