
വാഷിംഗ്ടൺ: വിമാനത്തിന്‍റെ പൈലറ്റായും ഫ്ലൈറ്റ് അറ്റൻഡന്‍റായും വേഷം മാറി തട്ടിപ്പ്. നാല് വർഷത്തോളം ഇത്തരത്തില്‍ സൗജന്യമായി വിമാന യാത്രകൾ നടത്തിയ കനേഡിയൻ യുവാവ് പിടിയിലായി. ടൊറന്‍റോ സ്വദേശിയായ ഡാളസ് പോകോർണിക് (33) ആണ് യുഎസ് അധികൃതരുടെ പിടിയിലായത്.
സിനിമയെ വെല്ലുന്ന രീതിയിലുള്ള തട്ടിപ്പാണ് പുറത്തുവന്നത്. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നതോടെ രാജ്യാന്തര മാധ്യമങ്ങൾ ഇതിനെ 'യഥാർത്ഥ ജീവിതത്തിലെ ക്യാച്ച് മി ഇഫ് യു കാൻ' എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രശസ്ത ഹോളിവുഡ് താരം ലിയോനാർഡോ ഡികാപ്രിയോ പൈലറ്റായി വേഷം മാറി ലോകം ചുറ്റുന്ന സിനിമയിലേതിന് സമാനമായിരുന്നു പോകോർണിക്കിന്‍റെയും രീതികൾ. യുഎസിലെ പ്രമുഖ വിമാന കമ്പനികളിൽ ജോലി ചെയ്യുന്നുണ്ടെന്ന് കാണിക്കാൻ ഇയാൾ വ്യാജ തൊഴില്‍ ഐഡി കാർഡുകൾ നിർമ്മിച്ചാണ് തട്ടിപ്പ് നടത്തിയത്.
സൗജന്യ യാത്രകൾ പൈലറ്റുമാർക്കും ഫ്ലൈറ്റ് അറ്റൻഡന്റുകൾക്കുമായി നീക്കിവെച്ചിട്ടുള്ള സീറ്റുകൾ ഉപയോഗിച്ച് നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ യാത്രകൾ ഇയാൾ നടത്തിയതായി പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു. ഒരിക്കൽ പൈലറ്റുമാർക്ക് മാത്രം ഇരിക്കാൻ അനുവാദമുള്ള വിമാനത്തിലെ 'ജമ്പ് സീറ്റിൽ' ഇരിക്കാൻ പോലും ഇയാൾ അനുവാദം ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്. പനാമയിൽ വെച്ച് അറസ്റ്റിലായ ഇയാളെ യുഎസിന് കൈമാറി. നിലവിൽ വയർ ഫ്രോഡ് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. മുമ്പ് ഒരു കനേഡിയൻ വിമാനക്കമ്പനിയിൽ ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്തിട്ടുള്ള പരിചയം ഉപയോഗിച്ചാണ് ഇയാൾ ഇത്രയും കാലം അധികൃതരുടെ കണ്ണുവെട്ടിച്ച് തട്ടിപ്പ് നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam