
ടൊറന്‍റോ:വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുങ്ങിപ്പോയ ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കാനായി യാത്ര പുറപ്പെട്ട് കടലില്‍ കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെ കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ കണ്ടെത്തിയതായി അമേരിക്കയുടെ കോസ്റ്റ് ഗാര്‍ഡ്. അറ്റ്ലാന്‍റിക് സമുദ്രത്തിലെ വടക്കന്‍ മേഖലയില്‍ തെരച്ചില്‍ നടത്തുന്ന നിരീക്ഷണ വിമാനത്തിനാണ് കടലിനടിയില്‍ നിന്ന് ശബ്ദ തരംഗങ്ങള്‍ ലഭ്യമായതെന്നാണ് ഒടുവില്‍ പുറത്ത് വരുന്ന വിവരം. ബുധനാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ട്വിറ്ററില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് ചെറിയൊരു വിശദീകരണവും ഇതിനോടകം നല്‍കിയിട്ടുണ്ട്.
ശബ്ദതരംഗങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് രക്ഷാപ്രവര്‍ത്തകരുള്ളതെന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. പി 3 വിമാനമാണ് ശബ്ദതരംഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 22 അടി നീളമുള്ളതും അഞ്ച് പേര്‍ക്ക് കയറാവുന്നതുമായ ചെറു അന്തര്‍വാഹിനി കഴിഞ്ഞ ആഴ്ച അവസാനമാണ് കാണാതായത്. ഓഷ്യന്‍ ഗേറ്റ് എക്സ്പെഡിഷന്‍സ് ആണ് അമിത ഭാരമില്ലാത്തതും ചെലവ് കുറഞ്ഞതുമായ ദി ടൈറ്റന്‍ എന്ന ചെറു അന്തര്‍ വാഹിനി നിര്‍മ്മിച്ചത്. 13123 അടി ആഴത്തില്‍ വരെയാണ് ടൈറ്റന് പോവാനാവുകയെന്നാണ് അന്തര്‍വാഹിനി നിര്‍മ്മാതാക്കളായ ദി എവറെറ്റ് നല്‍കുന്ന വിവരം.
22 അടി നീളവും 9.2 അടി വീതിയും 8.3 അടി ഉയരവുമാണ് ടൈറ്റനുള്ളത്. 21000 പൌണ്ടാണ് ടൈറ്റന്‍റെ ഭാരം. സമുദ്ര ജലത്തിലെ മര്‍ദ്ദം താങ്ങാനായി നിര്‍മ്മിച്ചിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവുമാണ്. ഒരു മണിക്കൂറില്‍ 3.45 മൈലാണ് നാല് ഇലക്ട്രിക് എന്‍ജിനുകള്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചാല്‍ ടൈറ്റന്‍ സഞ്ചരിക്കുക. 96 മണിക്കൂറാണ് ടൈറ്റന് അന്തര്‍വാഹനിയിലുള്ളവര്‍ക്ക് ജീവനോടെ ഇരിക്കാനാവശ്യമായ പിന്തുണ നല്‍കാനാവുകയെന്നുമാണ് അന്തര്‍ വാഹനിയേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിവരം. സമുദ്രത്തിന്‍റെ അടിത്തട്ടില്‍ 12500 അടി താഴ്ചയിലാണ് ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കിടക്കുന്നത്.
ബ്രിട്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ആദ്യ യാത്രയിലാണ് ടൈറ്റാനിക് ഒരു നൂറ്റാണ്ടിന് മുന്‍പ് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ മുങ്ങിപ്പോയത്. 1912 ഏപ്രില്‍ 15നായിരുന്നു ടൈറ്റാനിക് ദുരന്തം. 1500 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഒരിക്കലും മുങ്ങിപ്പോകില്ലെന്ന വിശേഷണവുമായെത്തി ആദ്യ യാത്രയില്‍ തന്നെ മഞ്ഞുമലയിലിടിച്ച് മുങ്ങിപ്പോയ ടൈറ്റാനിക്കിനെ കാണാന്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറം നടന്ന ശ്രമമാണ് നിലവില്‍ ടൈറ്റനെ അപകടത്തിലാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam