വിമാനം ശരിയാക്കി; ജി20 ഉച്ചകോടി അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷം ജസ്റ്റിന്‍ ട്രൂഡോ മടങ്ങി

Published : Sep 12, 2023, 05:02 PM IST
വിമാനം ശരിയാക്കി; ജി20 ഉച്ചകോടി അവസാനിച്ച് രണ്ട് ദിവസത്തിന് ശേഷം ജസ്റ്റിന്‍ ട്രൂഡോ മടങ്ങി

Synopsis

ഞായറാഴ്ച റണ്‍വേയിലേക്ക് പുറപ്പെടുന്നതിനിടെയാണ് കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിച്ചത്. തുടര്‍ന്ന് യാത്ര റദ്ദാക്കി.

ന്യൂഡല്‍ഹി: വിമാനം തകരാറിലായതിനെ തുടര്‍ന്ന്  ഡല്‍ഹിയില്‍ തങ്ങുകയായിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ന് മടങ്ങി. ജി20 ഉച്ചകോടിക്കായി എത്തിയിരുന്ന അദ്ദേഹത്തിന്റെ മടക്ക യാത്ര നിശ്ചയിച്ചിരുന്നതിലും 48 മണിക്കൂറിലധികം വൈകിയാണ് അദ്ദേഹത്തിന് നാട്ടിലേക്ക്  തിരിക്കാനായത്. ഡല്‍ഹി വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തെ യാത്രയയക്കാന്‍ എത്തിയിരുന്നു.

ഞായറാഴ്ച വൈകുന്നേരം ജസ്റ്റിന്‍ ട്രൂഡോയുടെ  മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വിമാനത്തിന് സാങ്കേതിക തകരാറ് സംഭവിച്ചത്. ഇതേ തുടര്‍ന്ന് യാത്ര മാറ്റിവെച്ച് തിരികെ ഹോട്ടലിലേക്ക് പോകേണ്ടിവന്നു. പകരം മറ്റൊരു വിമാനം കാനഡയില്‍ നിന്ന് ഇറ്റലി വഴി ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും പിന്നീട് അത് യുകെയിലേക്ക് തിരിച്ചുവിട്ടു. രണ്ടാമത്തെ വിമാനം യുകെയിലേക്ക് തിരിച്ചുവിട്ടതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് അമേരിക്കന്‍ വാര്‍ത്താ ചാനലായ സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ഇതിനിടെ ആദ്യ വിമാനത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് മടക്ക യാത്രയ്ക്ക് സജ്ജമാക്കുകയായിരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായും വിമാനം പുറപ്പെടാന്‍ തയ്യാറായിട്ടുണ്ടെന്നും ജസ്റ്റിന്‍ ട്രൂഡോയുടെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും വേണ്ടി വിമാനത്താവളത്തിലെത്തി, കനേഡിയന്‍ പ്രധാനമന്ത്രിയെ യാത്രയയക്കുകയും അദ്ദേഹത്തിന് ശുഭയാത്ര ആശംസിക്കുകയും ചെയ്തു' - കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു. 

അതേസമയം കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രശ്നം ഒറ്റ രാത്രി കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതായിരുന്നില്ല എന്ന് മാത്രമാണ് അദ്ദേഹത്തിന്റെ ഓഫീസ് പ്രതികരിച്ചത്. കനേഡിയന്‍ പ്രതിനിധി സംഘത്തെ തിരികെ എത്തിക്കാന്‍ കനേഡിയന്‍ വ്യോമസേന എല്ലാ പരിശ്രമങ്ങളും നടത്തുകയാണെന്നും. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആയിരിക്കും പുറപ്പെടാനാവുക എന്ന് തിങ്കളാഴ്ച ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം വിമാനം തകരാറിലായി രണ്ട് ദിവസം ഡല്‍ഹിയില്‍ തങ്ങേണ്ടി വന്ന സാഹചര്യത്തില്‍ ട്രുഡോയുടെ സര്‍ക്കാറിനെതിരെ കാനഡയില്‍ പരക്കെ വിമര്‍ശനമുയര്‍ന്നു.

Read also:  'കരുതലോടെ കോഴിക്കോട്', ആശങ്ക വേണ്ട, തീരുമാനങ്ങൾ വിവരിച്ച് റിയാസ്; മാസ്ക്ക് നിർബന്ധമല്ല, ധരിക്കുന്നതാണ് നല്ലത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'