
മാഡ്രിഡ്: ഇറാനെതിരെ ആക്രണം നടത്താൻ തങ്ങളുടെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാത്ത സ്പെയിനിനെതിരെ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നടത്തിയ നീക്കങ്ങളെ ചെറുത്ത് യൂറോപ്യൻ യൂണിയൻ. സ്‌പെയിനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുമെന്ന ട്രംപിന്‍റെ ഭീഷണി യൂറോപ്യൻ യൂണിയൻ കമ്മീഷൻ വൈസ് പ്രസിഡന്റ് തെരേസ റിബേര ചോദ്യം ചെയ്തു. യൂറോപ്യൻ യൂണിയന്റെ വിദേശ വ്യാപാരം ഒരു കൂട്ടായ്മയായി ചർച്ച ചെയ്യപ്പെടുന്നതാണെന്നും യുദ്ധത്തിനെതിരായ നിലപാടിന്‍റെ പേരിൽ ഒരു രാജ്യത്തിനെ ഒറ്റപ്പെടുത്തുന്നത് യൂണിയന് തന്നെ എതിരാണെന്നും തെരേസ റിബേര തുറന്നടിച്ചു.
യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളിൽ ഓരോന്നിന്റെയും വ്യാപാര ചർച്ചകൾ കമ്മീഷന്റെ ഉത്തരവാദിത്തമാണെന്നും കാഡെന സെർ റേഡിയോ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ റിബേര വ്യക്തമാക്കി. അതിനിടെ 'യുഎസ് വ്യാപാര ഉപരോധത്തിന്റെ സാധ്യമായ ആഘാതം നിയന്ത്രിക്കാൻ ആവശ്യമായ വിഭവങ്ങൾ ഞങ്ങളുടെ പക്കലുണ്ടെന്ന് സ്പാനിഷ് സർക്കാർ ട്രംപിന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സ്‌പെയിൻ യൂറോപ്യൻ യൂണിയന്റെ കുടക്കീഴിൽ ആയതിനാൽ ട്രംപ് എങ്ങനെ സ്‌പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്നത് വ്യക്തമല്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ 27 അംഗ രാജ്യങ്ങൾക്കും വേണ്ടി യൂറോപ്യൻ യൂണിയനാണ് വ്യാപാര കരാറുകൾ ചർച്ച ചെയ്യുന്നത്.
അതേസമയം ട്രംപിന്‍റെ ഭീഷണിക്കെതിരെ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. ഇറാനെതിരായ അമേരിക്കയുടെ ആക്രമണത്തിനെതിരെ സ്പെയിൻ സർക്കാരിന്റെ നിലപാട് രണ്ട് വാക്കുകളിൽ സംഗ്രഹിക്കാം, 'യുദ്ധം വേണ്ട'. സ്പെയിനുമായുള്ള എല്ലാ വ്യാപാരവും വിച്ഛേദിക്കുമെന്ന ട്രംപിന്‍റെ ഭീഷണിക്ക് സാഞ്ചസ് മറുപടി നൽകി. പ്രതികാരം ഭയന്ന് മാത്രം ലോകത്തിന് ഹാനികരവും നമ്മുടെ മൂല്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും വിരുദ്ധവുമായ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ പങ്കാളികളാകില്ല. ഇറാനെതിരെയാ ആക്രമണങ്ങളെ ദുരന്തമെന്ന് വിശേഷിപ്പിച്ച സ്പാനിഷ് പ്രധാനമന്ത്രി ഈ ദുരന്തത്തെ ഞങ്ങൾ എതിർക്കുന്നുവെന്നും തന്‍റെ നിലപാട് നിരവധി രാജ്യങ്ങളും യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് പൗരന്മാരും പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
സ്പെയിനിൽ പ്രധാനമായും രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. റോട്ട നേവൽ ബേസും മോറോൺ എയർ ബേസും. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേർന്നാണ് പ്രവർത്തിക്കുന്നത്. ഇറാനെതിരെ ആക്രണം നടത്താൻ തങ്ങളുടെ വ്യോമത്താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പെയിൻ നിലപാടെടുത്തതോടെ യുഎസ്–സ്പെയിൻ സംയുക്ത നിയന്ത്രണത്തിലുള്ള റോട്ട, മൊറോൺ താവളങ്ങളിൽനിന്നും 15 യുഎസ് വിമാനങ്ങൾ തിരിച്ച് പറന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനികനടപടിയെ പിന്തുണയ്ക്കാത്തതിന് സ്‌പെയിനിന് നേരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയത്.
സ്‌പെയിനുമായുള്ള വ്യാപാരം അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. 'സ്‌പെയിനുമായുള്ള എല്ലാ വ്യാപാരവും ഞങ്ങൾ അവസാനിപ്പിക്കാൻ പോകുന്നുവെന്ന് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായുള്ള ഓവൽ ഓഫീസ് കൂടിക്കാഴ്ചയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. സ്‌പെയിൻ നിഷേധിച്ചാലും തങ്ങൾക്ക് വേണമെങ്കിൽ താവളം ഉപയോഗിക്കാമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. ഞങ്ങൾ അവിടെ പറന്നെത്താം. അത് ഉപയോഗിക്കരുതെന്ന് ആരും ഞങ്ങളോട് പറയില്ല. സ്‌പെയിനുമായുള്ള എല്ലാ വ്യാപാരവും ഞങ്ങൾ വിച്ഛേദിക്കാൻ പോകുന്നു. സ്‌പെയിനുമായി ഒരു ബന്ധവും ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
നാറ്റോ സഖ്യകക്ഷികളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ അഞ്ച് ശതമാനമായി ഉയർത്താനുള്ള തീരുമാനത്തോട് സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് വിസമ്മതിച്ചതും, ഗാസയിലെ ഇസ്രായേലിന്റെ യുദ്ധത്തോടുള്ള അദ്ദേഹത്തിന്റെ ശക്തമായ എതിർപ്പും, വെനിസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്യാനുള്ള സൈനിക നടപടിയും ഉൾപ്പെടെ സാഞ്ചസിന്‍റെ നിലപാടുകളിൽ ട്രംപ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതും സ്‌പെയിനെതിരെയുള്ള ട്രംപിന്റെ ഭീഷണിക്ക് കാരണമായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam