അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിർദേശം

Published : Mar 25, 2025, 12:42 PM IST
അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് നിർദേശം

Synopsis

അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവരുടെ പരിശോധന കർശനമാക്കി. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ രേഖകൾ കൃത്യമായി സൂക്ഷിക്കണമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകുന്നു.

വാഷിങ്ടൺ ഡി.സി: അമേരിക്കയിൽ ഗ്രീൻ കാർഡ്, എച്ച്-1ബി, എഫ്-1 വിസകളുള്ളവർ വിദേശത്തു നിന്ന് മടങ്ങിയെത്തുമ്പോൾ പരിശോധനകളും ചോദ്യം ചെയ്യലും കർശനമാക്കിയതോടെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് തലവേദനയേറി. ഗ്രീൻ കാർഡെന്നാൽ ഒരു വ്യക്തിക്ക് അനിശ്ചിത കാലം അമേരിക്കയിൽ തങ്ങാനുള്ള അവകാശമല്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടുത്തിടെ വ്യക്തമാക്കുക കൂടി ചെയ്തതോടെ പലരും ആശങ്കയിലാണ്. കഴിഞ്ഞ കുറേ ആഴ്ചകളായി ഇമിഗ്രേഷൻ പരിശോധനകൾ വളരെയേറെ കർശനമാക്കിയിട്ടുമുണ്ട്.

ഗ്രീൻ കാർഡോ, എച്ച്-1ബി വിസയോ, എഫ്-1 വിസയോ ഉള്ളവർ വിദേശത്ത് നിന്ന് തിരിച്ചെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരും മുന്നിറിയിപ്പ് നൽകി. ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ നടപടികൾ കർശനമാക്കിയതോടെ യുഎസ് സിറ്റിസൺഷിഫ്ഫ് ആന്റ് ഇമിഗ്രേഷൻ സ‍ർവീസസ്, ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ്, ഹോംലാന്റ് സെക്യൂരിറ്റി, കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസികളെല്ലാം പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് അമേരിക്കയിൽ എത്തുന്നവരെ ഈ ഏജൻസികളെല്ലാം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ പല ഘട്ടങ്ങളിലുള്ള പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.

ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഗ്രീൻ കാർഡുമായി അമേരിക്കയിൽ താമസിക്കുകയോ എച്ച്-1ബി വിസയിൽ ജോലി ചെയ്യുകയോ എഫ്-1 വിസയിലെത്തി പഠനം നടത്തുകയോ ചെയ്യുന്നുണ്ട്. വിദേശത്ത് പോയ ശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തുമ്പോൾ ഇവരൊക്കെ ക‍ർശന പരിശോധനയ്ക്ക് വിധേയമായേക്കാം എന്നാണ് മുന്നറിയിപ്പ്. എന്നാൽ സാധുതയുള്ള വിസയുള്ളവരും സ്ഥിരതാമസാനുമതിയുള്ളവരും തങ്ങളുടെ താമസാനുമതിയുടെയോ ജോലി ചെയ്യാനുള്ള അനുമതിയുടെയോ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നിയമ വിദഗ്‌ധർ പറയുന്നു. കർശന പരിശോധന കൊണ്ട് ഉദ്യോഗസ്ഥർ ക്ഷമ പരീക്ഷിക്കുമെന്ന് മാത്രം.

ട്രംപ് ഭരണകൂടം അധികാരമേറ്റ ശേഷം 43 രാജ്യങ്ങളിൽ നിന്നുള്ളവ‍ർ അമേരിക്കയിൽ പ്രവേശിക്കുന്നതിന് വിലക്കോ നിയന്ത്രണമോ ഏർപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനും, അഫ്ഗാനിസ്ഥാനും, ഭൂട്ടാനും ഈ പട്ടികയിലുണ്ട്. എന്നാൽ ഇന്ത്യക്കാർക്ക് യാത്രാവിലക്കോ അമേരിക്കയിൽ പ്രവേശിക്കുന്നതിന് പ്രവേശന വിലക്കോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ പൊതുവെ പരിശോധനകൾ കൂടുതൽ ശക്തമാക്കിയതിന്റെ ഭാഗമായി നീണ്ട് ചോദ്യം ചെയ്യലുകൾക്കോ അധിക പരിശോധനകൾക്കോ വിധേയരാകേണ്ടി വന്നേക്കും.

പരിശോധനകൾ കർശനമായതോടെ വിസ സ്റ്റാമ്പിങ് മന്ദഗതിയിലാണ്. അമേരിക്കയിൽ തിരിച്ചെത്തുമ്പോൾ വിമാനത്താവളങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവ് വന്നിട്ടുണ്ട്. എൻട്രി പോസ്റ്റുകൾക്ക് പുറമെ ലോകമെമ്പാടുമുള്ള എംബസികളിലും കോൺസുലേറ്റുകളിലും വിസ സ്റ്റാമ്പിങ് മന്ദഗതിയിലായിട്ടുമുണ്ട്. അപേക്ഷയുടെയും പരിശോധനകളുടെയും ഓരോ ഘട്ടത്തിലും അധിക നടപടികൾ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ കാലതാമസം. അതുകൊണ്ടുതന്നെ ഓരോ നടപടികൾക്കും വേണ്ടിയിരുന്ന സമയക്രമവും ഇപ്പോൾ ദീർഘിച്ചിട്ടുണ്ട്.

അതേസമയം നാട്ടിലോ മറ്റ് രാജ്യങ്ങളിലേക്കോ പോയ ശേഷം അമേരിക്കയിലേക്ക് തിരിച്ചെത്തുമ്പോൾ പാസ്‍പോർട്ടിനും സാധുതയുള്ള ഗ്രീൻ കാർഡ് അല്ലെങ്കിൽ എച്ച്-1ബി വിസ, എഫ്-1 വിസ എന്നവയ്ക്കൊപ്പം മറ്റ് രേഖകളും കൂടി കൈയിൽ കരുതണമെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ നിർദേശിക്കുന്നു. ഒരു വർഷത്തിലധികമായി യുഎസിൽ നിന്ന് പുറത്തുപോയവർ ആവശ്യമെങ്കിൽ റീ എൻട്രി പെർമിറ്റ്, എംപ്ലോയ്മെന്റ് വെരിഫിക്കേഷൻ ലെറ്റർ, ഡബ്ല്യൂ-2 ഫോമും കഴിഞ്ഞ വർഷം ഫെഡറൽ ഇൻകം ടാക്സ് അടച്ച രേഖകളും, പേ സ്ലിപ്പ് അല്ലെങ്കിൽ സാലറി സ്ലിപ്പ് പോലുള്ള വരുമാനം തെളിയിക്കുന്ന രേഖ, കോളേജിൽ നിന്ന് പഠന കാലയളവ് തെളിയിക്കുന്ന കത്ത്, യുഎസിലെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യുഎസ് ഡ്രൈവിങ് ലൈസൻസ് എന്നിവ കൈവശം വെയ്ക്കുന്നത് നടപടികൾ എളുപ്പമാക്കാൻ സഹായകമാവും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം