
കീവ്: യുദ്ധത്തിന്‍റെ പതിനൊന്നാം നാളിൽ മരിയുപോള്‍ (Mariupol) നഗരപരിധിയില്‍ ഒഴിപ്പിക്കലിനായി വീണ്ടും വെടിനിർത്തിൽ പ്രഖ്യാപിച്ച് റഷ്യ (Russia). ഇന്ത്യൻ സമയം രാത്രി 12.30 വരെ പതിനൊന്ന് മണിക്കൂർ നേരത്തേക്ക് ആക്രമണം നിർത്തിവയ്ക്കാനാണ് റഷ്യൻ സേനയും മരിയുപോൾ നഗര ഭരണകൂടവും തമ്മിൽ ധാരണയായിട്ടുള്ളത്. ഇതോടെ സാധാരണക്കാരെ ഒഴിപ്പിക്കാൻ ശ്രമം നടക്കുകയാണ്. ഇന്ത്യൻ സമയം 3.30 മുതൽ ആളുകളെ ഒഴിപ്പിക്കൽ തുടങ്ങും. ബസുകളിലും കാറുകളിലുമൊക്കെയായി പരമാവധി പേരെ ഒഴിപ്പിക്കാനാണ് ശ്രമം. കാറിൽ പോകുന്നവർ കയറ്റാവുന്ന അത്രയും പേരെ കൂടെ കൊണ്ടുപോകണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. മരിയുപോളിൽ നിന്ന് ബിൽമാക് വഴി സപ്രോഷ്യയിലേക്കുള്ള പാതയിലൂടെയാണ് ഒഴിപ്പിക്കൽ. ഒരു വശത്ത് ഒഴിപ്പിക്കൽ തുടരുമ്പോഴും തന്ത്രപ്രധാന മേഖലകൾ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് റഷ്യ.
പടിഞ്ഞാറൻ യുക്രൈനിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് മിലിട്ടറി എയർ ബേസ് മിസൈലാക്രമണത്തിലൂടെ തകർത്തുവെന്നാണ് റഷ്യൻ അവകാശവാദം. കീവിനോട് ചേര്‍ന്നുള്ള ഇര്‍പ്പിന്‍ പട്ടണത്തില്‍ ശക്തമായ വ്യോമാക്രമണമുണ്ടായി. ചെര്‍ണിവിഹിലെ ജനവാസ കേന്ദ്രങ്ങളിലും ബോംബാക്രമണമുണ്ടായി. ഇർപ്പിന്‍ പട്ടണത്തിൽ സാധാരണക്കാർക്ക് നേരെ റഷ്യൻ പട്ടാളം വെടിയുതിർത്തുവെന്ന് യുക്രൈന്‍ ആരോപിക്കുന്നു. ഈ വെടിവെപ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈന്‍ പറയുന്നത്. തുറമുഖ നഗരമായ ഒഡേസയാണ് റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും ഇവിടെ ഉടൻ ബോംബാക്രമണം നടക്കുമെന്നാണ് യുക്രൈന്‍ പ്രസിഡന്‍റ് പറയുന്നത്. കീവ് നഗരത്തിന്‍റെ വടക്ക് പടിഞ്ഞാറ് മേഖലയിൽ ഇപ്പോഴും കനത്ത ഷെല്ലിംഗ് നടക്കുന്നുണ്ടെന്നും യുക്രൈന്‍ വ്യക്തമാക്കുന്നു.
അതേസമയം സുമിയിൽ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിൽ എത്തിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം ഒഴിപ്പിക്കുമെന്നും എംബസി വ്യക്തമാക്കി. 700 പേര്‍ സുമിയില്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക്. സുരക്ഷ ആശങ്കയായി തുടരുമ്പോള്‍ ഇവരെ എത്രയും വേഗം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കാര്‍കീവില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ സുമിയിലെ രക്ഷാദൗത്യം തുടങ്ങാമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് കൂട്ടല്‍. കുടുങ്ങി കിടക്കുന്ന എല്ലാവരെയും ഒഴിപ്പിക്കുമെന്ന് ഇന്ത്യന്‍ എംബസി ആവര്‍ത്തിച്ചു. ഒഴിപ്പിക്കല്‍ തുടങ്ങും വരെ വിദേശകാര്യ മന്ത്രാലയം നൽകിയ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും എംബസി വ്യക്തമാക്കി. ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിനെതിരെ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് എംബസിയുടെ വിശദീകരണം.
ദില്ലി: യുദ്ധം അവസാനിപ്പിക്കാൻ റഷ്യ എത്രയും വേഗം തയാറാകണമെന്ന് ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രാണവിഷ്യൂസ്. റഷ്യ ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ്. ഈ സാഹചര്യം തുടരാൻ കഴിയില്ല. വളരെ വലിയ പ്രതിസന്ധിയിലേക്ക് ലോകം നീങ്ങും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്നും ലിത്വാനിയൻ അംബാസിഡർ ജൂലിയസ് പ്രാണവിഷ്യൂസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കൂട്ടായ്മ സംഘടിപ്പിച്ചു.
വെടിനിർത്തൽ വിഫലമായതോടെ യുക്രൈൻ നഗരങ്ങളിൽ റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. മരിയുപോളിൽ അടക്കം സ്ഥിതി ഗുരുതരമാണ്. നാറ്റോയോട് യുക്രൈൻ കൂടുതൽ പോർ വിമാനങ്ങൾ ആവശ്യപ്പെട്ടു. റഷ്യൻ വിമാനങ്ങൾക്ക് വ്യോമപാത നിരോധിക്കണമെന്ന് പ്രസിഡന്‍റ് സെലൻസ്കി, യുഎസ് സെനറ്റിലും ആവശ്യമുയർത്തി. നോ ഫ്ലൈ സോൺ പ്രഖ്യാപിക്കുന്നത് യുദ്ധപ്രഖ്യാപനത്തിന് സമാനമാണെന്നാണ് റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ നിലപാട്. അതിനിടെ റഷ്യ യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച നാളെ നടക്കും.