
നഥാന്‍സ്: വെള്ളിയാഴ്‌ചയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ ഏറ്റവും വലിയ ആണവ സമ്പുഷ്‌ടീകരണ നിലയമായ നഥാന്‍സിലെ 15,000-ത്തോളം സെന്‍ട്രിഫ്യൂജുകള്‍ക്ക് കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ ആണവോര്‍ജ ഏജന്‍സി (ഐഎഇഎ). നഥാന്‍സില്‍ യുറേനിയം സെന്‍ട്രിഫ്യൂജുകള്‍ സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ അറകള്‍ക്ക് ഇസ്രയേല്‍ ആക്രമണത്തില്‍ നേരിട്ട് തകരാറുകള്‍ സംഭവിച്ചില്ലെങ്കിലും നിലയത്തിലെ വൈദ്യുതിബന്ധം ഇസ്രയേല്‍ തകര്‍ത്തത് സെന്‍ട്രിഫ്യൂജുകളെ സാരമായി ബാധിച്ചിട്ടുണ്ടാകാം എന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റഫേല്‍ ഗ്രോസി വ്യക്തമാക്കിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്‌ച ഇസ്രയേല്‍ സൈന്യം ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നഥാന്‍സ് യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രത്തിന്‍റെ മുകള്‍ ഭാഗം (തറനിരപ്പിന് മുകളില്‍ കാണുന്ന ഭാഗം) ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിരുന്നു. നിലയത്തിലെ വൈദ്യുതിബന്ധം ഇതോടെ തകര്‍ക്കാന്‍ ഇസ്രയേലിനായി. സെന്‍ട്രിഫ്യൂജുകള്‍ സ്ഥിതി ചെയ്യുന്ന ഭൂഗര്‍ഭ അറ സുരക്ഷിതമായി തുടര്‍ന്നെങ്കിലും യന്ത്രങ്ങള്‍ വൈദ്യുതിബന്ധം നിലച്ചതോടെ പ്രവര്‍ത്തനരഹിതമായതായി കണക്കാക്കുന്നു. യുറേനിയം സമ്പുഷ്‌ടീകരണത്തിന് സെന്‍ട്രിഫ്യൂജുകള്‍ തുടര്‍ച്ചയായി വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
വൈദ്യുതിബന്ധം നിലച്ചതോടെ നഥാന്‍സ് ആണവ സമ്പുഷ്‌ടീകരണ നിലയത്തിലെ സെന്‍ട്രിഫ്യൂജുകള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചിട്ടുണ്ടാകാം എന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ വിലയിരുത്തലെന്ന് റഫേല്‍ ഗ്രോസി ബിബിസിയോട് പറഞ്ഞു. അതേസമയം സെൻട്രിഫ്യൂജുകൾ പൂർണ്ണമായും നശിച്ചിട്ടില്ലെന്നും യുഎന്‍ ഏജന്‍സി കരുതുന്നു.
ഇറാനിലെ മറ്റൊരു യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രമായ ഇസ്‌ഫഹാനില്‍ കനത്ത നാശം വിതയ്ക്കാന്‍ ഇസ്രയേലിനായി എന്നാണ് റിപ്പോര്‍ട്ട്. ഇസ്‌ഫഹാനിലെ നാല് കെട്ടിടങ്ങള്‍ ഇസ്രയേല്‍ സൈന്യം തകര്‍ത്തു. ഇതില്‍ സെന്‍ട്രല്‍ കെമിക്കല്‍ ലബോററ്ററിയും, യുറേനിയം രൂപമാറ്റം വരുത്താനുള്ള പ്ലാന്‍റും, ടെഹ്‌റാന്‍ റിയാക്ടര്‍ ഫ്യുവല്‍ മാനുഫാക്‌ചറിംഗ് യൂണിറ്റും, നിര്‍മ്മാണത്തിലിരുന്ന മെറ്റല്‍ പ്രൊസസ്സിംഗ് സൗകര്യവും ഉള്‍പ്പെടുന്നു. ഇസ്‌ഫഹാന്‍ ആണവ നിലയത്തിലും ഭൂഗര്‍ഭ സൗകര്യങ്ങളെ ഇസ്രയേല്‍ ആക്രമണം ബാധിച്ചിട്ടില്ല എന്നാണ് അനുമാനമെന്നും റഫേല്‍ ഗ്രോസി കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒരു മലയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിന് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.
ഇരു രാജ്യങ്ങളും തമ്മില്‍ വ്യോമാക്രമണം തുടരുന്നതിനാല്‍ ഇറാനിലെ ആണവ നിലയങ്ങളില്‍ നേരിട്ടെത്തി വിലയിരുത്തലുകള്‍ നടത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കായിട്ടില്ല. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് യുഎന്‍ ഏജന്‍സി ഇറാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. ഇറാനില്‍ ആണവ സമ്പുഷ്‌ടീകരണ നിലയങ്ങളില്‍ ഭൂഗര്‍ഭ അറകളിലാണ് എൻറിച്ച് ചെയ്ത കൂടുതല്‍ യുറേനിയം ശേഖരമുള്ളതെന്നും അവയെ ഇസ്രയേല്‍ വ്യോമാക്രമണം ഏത് തരത്തിലാണ് ബാധിച്ചതെന്ന് വിശദമായ പരിശോധനയിലൂടെ മാത്രമേ മനസിലാക്കാനാകൂ എന്നുമാണ് വിദഗ്ധര്‍ പറയുന്നത്. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ആണവ വികിരണമുണ്ടാകുമോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.