
ന്യൂയോര്‍ക്ക്: ജീവനക്കാരിയുമായുള്ള അവിഹിത ബന്ധത്തിന് സിഇഒയെ പുറത്താക്കിയതിന് പിന്നാലെ ഹ്യൂമന്‍ റിസോഴ്സ് എക്സിക്യൂട്ടീവും മക്ഡൊണാള്‍ഡ്സില്‍ നിന്ന് പുറത്തേക്ക്. ഉയര്‍ന്ന എച്ച്ആര്‍ ഉദ്യോഗസ്ഥനായ ഡേവിഡ് ഫെയര്‍ഹസ്റ്റ് കമ്പനി വിട്ടതായി മക്ഡൊണാള്‍ഡ്സ് സ്ഥിരീകരിച്ചു. 2005-ല്‍ മക്ഡൊണാള്‍ഡ്സിന്‍റെ ഭാഗമായ ഡേവിഡിന് 2015 ആയപ്പോഴേക്കും കമ്പനിയുടെ ചീഫ് പീപ്പിള്‍ ഓഫീസറായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. ഡേവിഡ് ഫെയര്‍ഹസ്റ്റ് കമ്പനി വിടുന്നതിന് കാരണം വ്യക്തമാക്കിയിട്ടില്ല.
ജീവനക്കാരിയുമായി കിടക്ക പങ്കിട്ടതിനാണ് പ്രമുഖ ആഗോള ഭക്ഷണ വ്യാപാര ശൃംഖലയായ മക്ഡൊണാള്‍ഡിന്‍റെ സിഇഒ സ്റ്റീവ് ഈസ്റ്റര്‍ബ്രൂക്കിനെ പുറത്താക്കിയത്. കമ്പനിയുടെ നിയമം ലംഘിച്ചുവെന്നാണ് സ്റ്റീവിനെ പുറത്താക്കിക്കൊണ്ട് മക്ഡൊണാള്‍ഡ്സ് വ്യക്തമാക്കിയത്. അമ്പത്തിരണ്ടുകാരനായ വിവാഹമോചിതനായ സ്റ്റീവ് 1993ല്‍ മാനേജര്‍ പദവിയിലാണ് ആദ്യം മക്ഡൊണാള്‍ഡ്സില്‍ ജോലിക്കെത്തുന്നത്. 2011 ല്‍ മക്ഡൊണാള്‍ഡ്സ് വിട്ട സ്റ്റീവ് 2013ലാണ് വീണ്ടും തിരികെയെത്തുന്നത്. 2015ലാണ് മക്ഡൊണാള്‍ഡ്സിന്‍റെ സിഇഒ പദവിയിലേക്ക് സ്റ്റീവ് എത്തുന്നത്.
കമ്പനി പുലര്‍ത്തുന്ന മൂല്യങ്ങള്‍ ലംഘിച്ചുവെന്നും സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞ് പോകാന്‍ ഏതാനും ദിവസം നല്‍കിയ മാനേജ്മെന്‍റിന്‍റെ തീരുമാനത്തോട് യോജിക്കുന്നുവെന്നും സ്റ്റീവ് ജീവനക്കാര്‍ക്കുള്ള ഇ മെയിലില്‍ വ്യക്തമാക്കി. മക്ഡൊണാള്‍ഡ്സില്‍ പല വിധ രുചി പരീക്ഷണങ്ങള്‍ നടത്തിയതിന് ഏറെ പ്രശംസ നേടിയിട്ടുള്ള വ്യക്തിയാണ് സ്റ്റീവ്. സ്റ്റീവിന് പുറത്താക്കിയതിന് പിന്നാലെയാണ് ഡേവിഡ് ഫെയര്‍ഹസ്റ്റും കമ്പനി വിടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam