
ജുബ: സുഡാനിലുണ്ടായ വിമാന അപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. തെക്കൻ സുഡാനിലാണ് വിമാനം റൺവേയിൽ നിന്ന് 500 മീറ്റർ അകലെ വീണ് തകർന്നത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒരാൾ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നാണ് അധികൃതർ വിശദമാക്കുന്നത്. 21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 16 സുഡാൻ സ്വദേശികൾ, രണ്ട് ചൈനക്കാർ ഒരു ഇന്ത്യക്കാരൻ എന്നിവരുമാണ് കൊല്ലപ്പെട്ടത്.
ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്താനായി എണ്ണപ്പാടത്തിന് സമീപത്തെ ചെറിയ റൺവേയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെയാണ് വിമാനം തകർന്നത്. തെക്കൻ സുഡാൻ സ്വദേശിയായ എൻജിനിയറാണ് അപകടത്തിൽ രക്ഷപ്പെട്ടത്. ഇയാളെ ബെന്ടിയുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ മറ്റ് വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. ജീവനക്കാരെ കൊണ്ടുപോകാനായി ചാർട്ടർ ചെയ്ത വിമാനമാണ് വിമാനത്താവളത്തിന് സമീപത്ത് തന്നെ തകർന്നത്. എൻജിൻ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരമെന്നാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജോലി സ്ഥലത്ത് 28 ദിവസത്തെ തുടർച്ചയായ ഷിഫ്റ്റ് അവസാനിച്ച ശേഷം ലീവിൽ പോവുകയായിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടത്.
ജിപിഒസി ചാർട്ടർ ചെയ്ത് 5എക്സ് ആർ എച്ച് ബി വിമാനമാണ് തകർന്നത്. രണ്ട് പൈലറ്റുമാർ അടക്കം 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഏതാനും വർഷങ്ങളായി തെക്കൻ സുഡാനിൽ നിരവധി വിമാന അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2024 ഓഗസ്റ്റിൽ കാർഗോ വിമാനം ലാൻഡിംഗിനിടെ തീപിടിച്ച് ക്രൂ അംഗങ്ങൾക്ക് ഗുരുതര പൊള്ളലേറ്റിരുന്നു. 2024 മാർച്ചിൽ സൈന്യത്തിന്റെ കാർഗോ വിമാനം ഇവിടെ തകർന്നിരുന്നു. 2024 ഫെബ്രുവരിയിൽ സ്വകാര്യ കമ്പനിയിലെ വിമാനം ക്രാഷ് ലാൻഡ് ചെയ്ത് നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam