ഇന്ത്യ-ചൈന സംഘര്‍ഷം സമവായത്തിലേക്ക്?; ഇരുസൈന്യവും പിന്മാറ്റത്തിന് ധാരണയിലെത്തിയതായി സൂചന

By Web TeamFirst Published Feb 11, 2021, 6:58 AM IST
Highlights

ഒരു വര്‍ഷമായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷമാണ് സമവായത്തിലേക്ക് നീങ്ങുന്നത്. പാൻഗോഗ് തീരത്ത് നിന്ന് ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പിന്മാറും.

പാൻഗോഗ്: ലഡാക്കിലെ പാൻഗോഗ് തീരത്ത് നിന്ന് പിന്മാറാൻ ഇന്ത്യ-ചൈന സേനകൾക്കിടയിൽ ധാരണയെന്ന് റിപ്പോര്‍ട്ട്. ഒമ്പതാമത് കമാണ്ടര്‍തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്‍റിൽ പ്രസ്താവന നടത്തും.

ഒരു വര്‍ഷമായി തുടരുന്ന ഇന്ത്യ-ചൈന സംഘര്‍ഷമാണ് സമവായത്തിലേക്ക് നീങ്ങുന്നത്. പാൻഗോഗ് തീരത്ത് നിന്ന് ചൈനയുടെയും ഇന്ത്യയുടെയും പട്ടാളം പിന്മാറും. വടക്ക്-തെക്ക് മേഖലയിൽ നിന്ന് പിന്മാറ്റം തുടങ്ങിയതായി ചൈനീസ് പ്രതിരോധ മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് അരുകിലെ ഫിങ്കര്‍ എട്ടിലേക്ക് ചൈനീസ് പട്ടാളം പിന്മാറും. 

ഫിങ്കര്‍ രണ്ടിനും മൂന്നിനും ഇടയിലേക്ക് ഇന്ത്യൻ പട്ടാളം മാറും. ഫിങ്കര്‍ നാലിൽ പട്രോളിംഗ് പാടില്ല. ഇതാണ് ഇരുരാജ്യങ്ങൾക്കും ഇടയിലെ ധാരണ എന്നാണ് സൂചന. വിശദാംശങ്ങൾ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പാര്‍ലമെന്‍റിനെ അറിയിച്ചേക്കും. ഗൽവാനിൽ തുടങ്ങി പാൻഗോഗ് തീരത്തേക്ക് നിങ്ങിയ ചൈനീസ് പ്രകോപനം കൊവിഡ് കാലത്ത് രാജ്യം നേരിട്ട മറ്റൊരു വെല്ലുവിളിയായിരുന്നു. 

ഫിങ്കര്‍ എട്ടിന് സമീപത്തെ നിയന്ത്രണ രേഖയിൽ നിന്ന് എട്ട് കിലോമീറ്റര്‍ ഇന്ത്യഭാഗത്തേക്ക് ചൈനീസ് പട്ടാളം എത്തി. ചൈനയെ പ്രതിരോധിക്കാൻ ഇന്ത്യയും സൈനിക വിന്യാസം കൂട്ടി. യുദ്ധത്തിനുള്ള ഒരുക്കങ്ങൾ വരെ നടത്തി മിസൈൽ ഉൾപ്പടയുള്ള ആയുധങ്ങളും എത്തിച്ചു. സമവായ ചര്‍ച്ചക്കുള്ള വാതിലുകൾ തുറന്നത് ഇതോടെയാണ്. 

click me!