മാരക വൈറസുകളെ ജൈവായുധമായി ഉപയോഗിക്കാമെന്ന് ചൈന ചർച്ച നടത്തിയിരുന്നു?രഹസ്യ രേഖ പുറത്ത്

By Web TeamFirst Published May 10, 2021, 9:12 AM IST
Highlights

വീക്കെൻഡ് ഓസ്ട്രേലിയൻ പത്രമാണ് ചൈനയെ സംശയമുനയിലാക്കുന്ന രഹസ്യരേഖ പുറത്തുവിട്ടത്. സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തിയതായി രഹസ്യരേഖ പറയുന്നു. 

തിരുവനന്തപുരം: മാരക വൈറസുകളെ ജൈവായുധമായി ഉപയോഗിക്കുന്നതിനെക്കുറിച്ചു ചൈന ചർച്ച നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. പത്രമാണ് ചൈനയെ സംശയമുനയിലാക്കുന്ന രഹസ്യരേഖ പുറത്തുവിട്ടത്. സാർസ് കൊറോണ വൈറസുകൾ ഭാവിയിൽ ജൈവായുധമായി ഉപയോഗിക്കപ്പെട്ടേക്കുമെന്ന് ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ 2015 ൽ വിലയിരുത്തിയതായി രഹസ്യരേഖ പറയുന്നു. 

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ ഇത്തരം വൈറസുകൾ ആയുധമായി ഉപയോഗിക്കപ്പെടും. കൊറോണ വൈറസുകളുടെ വിവിധ ഇനങ്ങളെ ആയുധമാക്കി ഉപയോഗിക്കാനാവുമെന്ന് ചൈന അഞ്ചു വർഷം മുൻപുതന്നെ ചർച്ച നടത്തിയിരുന്നുവെന്നാണ് രേഖ തെളിയിക്കുന്നത്. വാർത്തയോട് ചൈന പ്രതികരിച്ചിട്ടില്ല. 

ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകനായ ഷാറി മാർക്സൺ What Really Happened in Wuhan എന്ന പുസ്തകത്തിൽ “The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons” എന്ന ലേഖനത്തിലും ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ടെന്നാണ് സൂചന. പുസ്തകം ഉടൻ വിപണിയിലെത്തും. കൊവിഡ് 19ന്റെ ഉദ്ഭവത്തെക്കുറിച്ച് അമേരിക്ക നടത്തിയ രഹസ്യാന്വേഷണത്തിലാണ് 2015ലെ ചർച്ചയുടെ രേഖകൾ പുറത്തുവന്നതെന്നാണ് വീക്കെൻഡ് ഓസ്ട്രേലിയൻ പത്രം പറയുന്നത്. 

2002-04 കാലത്ത് സാർസ് വ്യാപനം ശക്തമായ കാലത്താണ് ചൈന വുഹാനിൽ ആദ്യ ബയോസേഫ്റ്റി വൈറോളജി ലാബ് സ്ഥാപിച്ചത്. വുഹാനിൽ നിന്നാണ് 2019ൽ കൊവിഡ് രോ​ഗം വ്യാപിച്ചുതുടങ്ങിയത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!