ഷെല്ലാക്രമണത്തിൽ ഇറാനിലെ ഇസ്ഫഹാനിലുള്ള റഷ്യൻ കോൺസുലേറ്റിന് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ അറിയിച്ചു. നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
മോസ്കോ: ഇറാനെതിരായ ഇസ്രയേൽ - യുഎസ് സംയുക്ത നീക്കത്തിനിടെ റഷ്യൻ കോണ്‍സുലേറ്റിന് നേരെയും ആക്രമണം. ഷെല്ലാക്രമണത്തിൽ ഇറാനിലെ ഇസ്ഫഹാനിലുള്ള റഷ്യൻ കോൺസുലേറ്റിന് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ അറിയിച്ചു. നയതന്ത്ര പ്രതിനിധി സംഘത്തിനു നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
മാർച്ച് 8 ന് ഇറാനിയൻ നഗരമായ ഇസ്ഫഹാനിലുണ്ടായ ആക്രമണത്തിൽ റഷ്യൻ കോണ്‍സുലേറ്റിന് കേടുപാടുകൾ സംഭവിച്ചു. ഓഫീസിന്‍റെയും പാർപ്പിട സമുച്ചയത്തിന്‍റെയും ജനാലകൾ തകർന്നു. ആളപായമോ ഗുരുതരമായ പരിക്കുകളോ ഉണ്ടാകാതിരുന്നത് ഭാഗ്യമെന്നും മരിയ സഖാരോവ പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായി സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്തതായി റഷ്യ അറിയിച്ചു. മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ പുടിൻ ആഹ്വാനം ചെയ്തെന്നും റഷ്യ അറിയിച്ചു.
മുന്നറിയിപ്പുമായി പുടിൻ
ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധം ആഗോള ഊർജ്ജ വിപണികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ നേരത്തെ പ്രതികരിച്ചിരുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട എണ്ണ ഗതാഗതം വരും ആഴ്ചകളിൽ പൂർണ്ണമായും നിലച്ചേക്കാമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ രാജ്യങ്ങൾ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചാൽ അവരുമായി ദീർഘകാല ഊർജ്ജ സഹകരണം പുനഃസ്ഥാപിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവദേശത്തെ സ്ഥിതി ആഗോള വിതരണത്തെ തടസ്സപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടെന്നും പ്രതിസന്ധി എണ്ണവില കുത്തനെ ഉയർത്തുകയും വിശാലമായ സാമ്പത്തിക താൽപര്യത്തിന് ഭീഷണിയാകുകയും ചെയ്തിട്ടുണ്ടെന്നും റഷ്യയിലെ പ്രമുഖ എണ്ണ, വാതക കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ കൂടിക്കാഴ്ചയിൽ പുടിൻ പറഞ്ഞു.
ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന എണ്ണ വ്യാപാരം അടുത്ത ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും സംഭരണികൾ എണ്ണ കൊണ്ട് നിറയുകയാണെന്നും പുടിൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകത്തിലെ രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതിക്കാരായ റഷ്യയ്ക്ക് നിലവിലെ വിപണി സാഹചര്യങ്ങളുടെ നേട്ടം കൈവരിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്കോയിലെ ഊർജ്ജ കമ്പനികൾ സാഹചര്യം പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്ന് റഷ്യൻ പ്രസിഡന്റ് അഭ്യർത്ഥിച്ചു.


