
മുസ്ലീം ഭൂരിപക്ഷ ഉയ്ഗൂർ മേഖലയായ സിൻജിയാങ്ങിൽ ഒരു വർഷത്തിനുള്ളിൽ ചൈന മൂന്നാമത്തെ പ്രവിശ്യ സ്ഥാപിച്ചു. സെൻലിംഗ് എന്നാണ് പുതിയ പ്രവിശ്യയുടെ പേര്. ഉയ്ഗൂർ വിഘടനവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ഇടുങ്ങിയ വഖാൻ ഇടനാഴിയിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പാകിസ്ഥാൻ അധിനിവേശ കശ്മീരിനും (പിഒകെ) അഫ്ഗാനിസ്ഥാൻ അതിർത്തിക്കും സമീപമാണ് ചൈനയുടെ പുതിയ പ്രവിശ്യ.
സെൻലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്രവിശ്യ, കാരക്കോറം പർവതനിരയ്ക്ക് സമീപവും പാക് അധീന കശ്മീരുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്നു. ഇത് പ്രദേശത്തിന്‍റെ തന്ത്രപരമായ പ്രാധാന്യത്തെ എടുത്ത് കാണിക്കുന്നു. മുസ്ലീം ഭൂരിപക്ഷ ഉയ്ഗൂർ മേഖലയായ സിൻജിയാങ്ങിൽ ഒരു വർഷത്തിനുള്ളിൽ ചൈന സ്ഥാപിക്കുന്ന മൂന്നാമത്തെ പുതിയ കൗണ്ടിയാണിത്. മാർച്ച് 26 -ന് സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ മേഖലയിൽ ചൈനീസ് സർക്കാർ സെൻലിംഗ് പ്രവിശ്യ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു, എന്നൽ ഇതിന്‍റെ ഭരണപരമായ വിഭജനവും കൃത്യമായ അതിരുകളുടെ വിശദാംശങ്ങളും ചൈന വ്യക്തമാക്കിയിട്ടില്ല.
ഇത് മുമ്പ് ചൈന രൂപികരിച്ച ഹീൻ, ഹെകാങ് എന്നീ പ്രവിശ്യകളുടെ രൂപീകരണത്തിനെതിരെ ഇന്ത്യ കഴിഞ്ഞ വർഷം ചൈനയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ചൈന പുതുതായി രൂപീകരിച്ച പ്രവിശ്യയിലെ ചില ഭാഗങ്ങൾ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്‍റെ കീഴിലുള്ള സ്ഥലങ്ങളാണെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. അക്സായി ചിൻ പീഠഭൂമിയുടെ ഭൂരിഭാഗവും ഉൾപ്പെടുത്തിയാണ് ഹീൻ എന്ന പ്രവിശ്യ ചൈന രൂപീകരിച്ചത്. ലഡാക്കിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം 1962 -ലെ യുദ്ധത്തിൽ ചൈന കൈവശപ്പെടുത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന്‍റെ കേന്ദ്രബിന്ദുവായി തുടരുന്നതും ഇതേ പ്രദേശമാണ്.
പുരാതന സിൽക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ചരിത്ര നഗരമായ കാഷ്ഗർ, ചൈനയെ ദക്ഷിണ, മധ്യേഷ്യയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഒരു കവാടമാണ്. കാഷ്ഗറിൽ നിന്നാകും പുതിയ പ്രവിശ്യയായ സെൻലിംഗിന്‍റെ ഭരണപരമായ കാര്യങ്ങൾ നടക്കുകയെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പാക് അധിനിവേശ കശ്മീരിലൂടെ കടന്നു പോകുന്ന 60 ബില്യൺ ഡോളറിന്‍റെ ചൈന - പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) തുടക്കവും ഇവിടെ നിന്നാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam