Latest Videos

ഒരു ദിനം 6000 കൊവിഡ് രോഗികൾ, നിയന്ത്രണം കടുപ്പിച്ച് ചൈന; പ്രതിഷേധം, തെരുവിൽ അക്രമം, ബലംപ്രയോഗിച്ച് ഭരണകൂടം

By Web TeamFirst Published Nov 17, 2022, 8:04 PM IST
Highlights

വീണ്ടും ഒരു വൻ കൊവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ് ഗുവാങ്സു എന്ന വ്യവസായ നഗരം. ഇന്നലെ മാത്രം ഇവിടെ പുതുതായി സ്ഥിരീകരിക്കപ്പെട്ടത് ആറായിരത്തിൽ അധികം കൊവിഡ് കേസുകളാണ്

ബെയ്ജിംഗ്: ഒരിടവേളക്ക് ശേഷം കൊവിഡ് ഭീതി ചൈനയിൽ രൂക്ഷമാകുകയാണ്. ഇതിനൊപ്പം തന്നെ കർശനമായ കൊവിഡ് നിയന്ത്രണങ്ങളോടുള്ള പ്രതിഷേധങ്ങളിലും പുകയുകയാണ് രാജ്യം. തെക്കൻ ചൈനയിലെ ഗുവാങ്സുവിലാണ് സ്ഥിതി ഗതികൾ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ സീറോ കൊവിഡ്‌ നിയന്ത്രണങ്ങൾ ഭേദിച്ച് പുറത്തിറങ്ങിയ ജനങ്ങളും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയതാണ് ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിലായി ഉണ്ടായ സംഭവം.

വീണ്ടും ഒരു വൻ കൊവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ് ഗുവാങ്സു എന്ന വ്യവസായ നഗരം. ഇന്നലെ മാത്രം ഇവിടെ പുതുതായി സ്ഥിരീകരിക്കപ്പെട്ടത് ആറായിരത്തിൽ അധികം കൊവിഡ് കേസുകളാണ്. ഇതോടെ സ്ഥലത്തെ കൊവിഡ് നിയന്ത്രണം കടുപ്പിക്കുകയായിരുന്നു. നഗരത്തിലെ ഹൈഷു പ്രവിശ്യയിൽ ദിവസങ്ങളായി വീടുകളിൽ തുടരാൻ നിർബന്ധിതരായ ജനങ്ങളാണ് ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂലിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ മേഖലയിൽ പലരും ഉപജീവനം മുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ. ഭക്ഷ്യ ക്ഷാമവും സാധനങ്ങളുടെ വിലക്കയറ്റവും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. അങ്ങനെ ഗതിമുട്ടിയ അവസ്ഥതയിലാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

കൊവിഡ് നിയന്ത്രണങ്ങളടക്കം ലംഘിച്ച ഇവിടെത്തെ ജനങ്ങൾ ഗതാഗതം നിയന്ത്രിക്കാൻ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിട്ടും. വലിയ തോതിലുള്ള പ്രതിഷേധ സ്വരമാണ് പ്രവിശ്യയിലെ ജനങ്ങൾ ഉയർത്തിയത്. ഇതോടെ അധികൃതർ പ്രതിഷേധക്കാർക്കെതിരെ അച്ചടക്കത്തിന്‍റെ വാളോങ്ങുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളെ ബലം പ്രയോഗിച്ചു തന്നെ നേരിടുകയാണ് ചൈനീസ് പൊലീസ്. എന്തായാലും വരും ദിവസങ്ങളിലും കൊവിഡ‍് നിയന്ത്രണങ്ങളോടുള്ള പ്രതിഷേധം ശക്തമായി തുടരുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ജനക്കൂട്ടത്തെ എങ്ങനെ നേരിടണം എന്ന ആലോചനയിലാണ് ഭരണകൂടം. ഉപജീവനം പ്രധാന പ്രശ്നമായി ഉയർത്തിയുള്ള ജനങ്ങളുടെ പ്രതിഷേധത്തെ ഇനിയും ബലം പ്രയോഗിച്ച് നേരിടുമോ എന്നത് കണ്ടറിയണം.

ആശങ്ക മാറി, ആശ്വാസം വന്നു; തീരുമാനം യാത്രക്കാർക്ക് വിട്ടു; വിമാനയാത്രയിൽ പുതിയ ഉത്തരവ് ഇറക്കി കേന്ദ്ര സർക്കാർ

click me!