ഇനി മുതൽ വിമാനയാത്രക്ക് മാസ്ക് നിർബന്ധമായിരിക്കില്ല

ദില്ലി: കൊവിഡ് ഭീതി ഉടലെടുത്തതുമുതൽ പല കാര്യങ്ങളിലും ലോകത്താകെ നിയന്ത്രണങ്ങളുണ്ടായിരുന്നു. യാത്രാ വിലക്കും ലോക്ക് ഡൗണുമെല്ലാം പതിയെ പതിയെ പിൻവലിക്കപ്പെട്ടിരുന്നു. മാസ്ക്ക് ഉപയോഗത്തിന്‍റെ കാര്യത്തിലും മാറ്റം വന്നു. രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും മാസ്ക്ക് നിർബന്ധമല്ലാതാക്കിയിട്ടുണ്ട്. എന്നാൽ വിമാനയാത്രക്കാർക്ക് മാത്രം ഇത്രയും നാളും മാസ്ക്ക് നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ അക്കാര്യത്തിലും മാറ്റം വരികയാണ്. ഇനി മുതൽ വിമാനയാത്രക്ക് മാസ്ക് നിർബന്ധമായിരിക്കില്ല. കേന്ദ്ര സർക്കാരാണ് വിമാനയാത്രയിലെ പുതിയ തീരുമാനം കൈകൊണ്ടത്. മാസ്ക് ധരിക്കണോ വേണ്ടയോ എന്ന കാര്യം ഇനി മുതൽ യാത്രക്കാർക്ക് തീരുമാനിക്കാം. ഇതു സംബന്ധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ കൊവിഡിന് അവസാനമായോ? ആശ്വാസം നല്‍കുന്ന കണക്കുകള്‍ പുറത്ത്...

അതേസമയം കൊവിഡ് ഭീതി മാറിയെന്ന ആശ്വാസമേകുന്ന കണക്കുകളാണ് രാജ്യത്ത് നിന്നും ഇപ്പോൾ പുറത്തുവരുന്നത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യഘട്ടം, അതായത് 2020 മാര്‍ച്ച്- ഏപ്രില്‍ മാസത്തിലേത് പോലെ, അത്രയും താഴ്നന്ന കേസുകളാണ് ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് വ്യക്തമാകുന്നത്. എന്നുവച്ചാല്‍ രണ്ടര വര്‍ഷം മുമ്പുള്ള അവസ്ഥയിലേക്ക് നാം താല്‍ക്കാലികമായെങ്കിലും തിരിച്ചുപോയിരിക്കുന്നു എന്ന് ചുരുക്കി പറയാം. കൊവിഡ് മരണങ്ങളും രാജ്യത്ത് വളരെയധികം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഒരേയൊരു കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുതന്നെയാണ് കൊവിഡ‍് ഭീതി ഏറെക്കുറെ മാറുകയാണെന്ന ആശ്വാസം പകരുന്നതാണ്. നിലവില്‍ രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകള്‍ 10,000ത്തിന് താഴെയാണ്. ഇതും 2020 ഏപ്രിലിലേതിന് സമാനമാണ്. നവംബര്‍ 7-13 ആഴ്ചയില്‍ ആകെ 5,420 കേസുകള്‍ വന്നു. ഇതും 2020 ഏപ്രില്‍ 6-12ലേതിന് സമാനമാണ്. ആദ്യ ലോക്ഡൗണിന് രണ്ടാഴ്ചയ്ക്ക് ശേഷമുള്ള സമയമായിരുന്നു അത്.