ഐസ് സിൽക്ക് റോഡ്; ആർട്ടിക് പാത തുറന്ന് ചൈനയുടെ പുതിയ ചരക്ക് ഗതാഗതം, ഉയരുന്ന പാരിസ്ഥിതിക ആശങ്കകൾ

Published : Aug 30, 2026, 02:10 PM IST
Ice Silk Road shipping

Synopsis

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ, ആർട്ടിക് സമുദ്രത്തിലൂടെയുള്ള 'ഐസ് സിൽക്ക് റോഡ്' ഒരു ബദൽ കപ്പൽപാതയായി ഉയരുന്നു. ചൈനയും റഷ്യയും സഹകരിക്കുന്ന ഈ പാത സ്യൂയസ് കനാലിനേക്കാൾ വേഗതയേറിയതാണെങ്കിലും, കടുത്ത പാരിസ്ഥിതിക ആശങ്കകളും മറ്റ് വെല്ലുവിളികളും ഉയർത്തുന്നുണ്ട്.

ഹോർമൂസ് കടലിടുക്കിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ ആഗോള ചരക്കുഗതാഗതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ, ആർട്ടിക് സമുദ്രത്തിലൂടെയുള്ള ‘ഐസ് സിൽക്ക് റോഡ്’ പുതിയൊരു ബദൽ കപ്പൽപാതയായി മാറുന്നു. ചൈനയും റഷ്യയും തമ്മിലുള്ള വ്യാപാരബന്ധത്തിലെ പ്രധാന കണ്ണിയായ ഈ പാത റഷ്യയെ ചുറ്റി യൂറോപ്പിലേക്കും ബ്രിട്ടനിലേക്ക് വരെയെത്തുന്നു. സ്യൂയസ് കനാൽ വഴിയുള്ള യാത്രയെക്കാൾ സമയം ഗണ്യമായി കുറയ്ക്കാമെന്നതാണ് ഈ യാത്രാവഴിയുടെ പ്രധാന ആകർഷണം. എന്നാൽ ചില പരിമിതികളുമുണ്ട്.

സർവ്വീസ് തുടങ്ങി ചൈന

ചൈനീസ് കമ്പനിയായ സീ ലെജൻറ് നിങ്ബോ-ഷൗഷാനിൽ നിന്ന് ബ്രിട്ടനിലെ ഫെലിക്സ്സ്റ്റോയിലേക്ക് ഈ ആർട്ടിക് പാതയിലൂടെ സ്ഥിരം സർവീസ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഏകദേശം 5,500 കിലോമീറ്റർ ദൂരമുള്ള യാത്ര 18 ദിവസം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് കണക്ക്. സ്യൂയസ് വഴിയുള്ള യാത്രയ്ക്ക് 40 ദിവസം വരെ വേണ്ടിവരുമ്പോൾ പകുതിയിലധികം സമയലാഭമാണിത് ഈ വഴിയുള്ള യാത്രയുടെ പ്രധാന നേട്ടം. മലാക്ക കടലിടുക്കും ബാബ് അൽ മന്ദബും ഒഴിവാക്കാനാകുന്നതും മറ്റൊരു നേട്ടമാണ്. 2017 -ൽ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ് ആർട്ടിക് പാതയുടെ വികസനത്തിന് ആഹ്വാനം ചെയ്തിരുന്നു. യുക്രൈയ്ൻ യുദ്ധവും റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളും ചൈന - റഷ്യ സഹകരണം ശക്തമാക്കിയതോടെ പാതയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചു.

ശക്തമാകുന്ന പാരിസ്ഥിതിക ആശങ്ക

എന്നാൽ പരിസ്ഥിതി ആശങ്കകളും ശക്തമാണ്. മഞ്ഞുരുകുന്ന കാലത്ത് മാത്രമാണ് ഈ പാതയിലൂടെ സുഗമമായ സഞ്ചാരം സാധ്യമാകുന്നത്. ഒപ്പം ഇതുവഴിയുള്ള കപ്പൽ ഗതാഗതത്തിന് ആണവ ഐസ്ബ്രേക്കറുകളുടെ സഹായവും ആവശ്യമാണ്. കപ്പലുകളിൽ ഉപയോഗിക്കുന്ന ഹെവി ഫ്യൂവൽ ഓയിൽ (HFO) ചോർന്നാൽ, അത് ആർട്ടിക് മഞ്ഞിനിടയിൽ നിന്നും ശുചീകരിച്ച് നീക്കം ചെയ്യുകയെന്നത് അതീവ ദുഷ്കരമാകും. അങ്ങനെ ശുചീകരിക്കാതെ മഞ്ഞിനടിയിൽ കിടക്കുന്ന ഹെവി ഫ്യൂവൽ ഓയിലിലെ ബ്ലാക്ക് കാർബൺ മഞ്ഞിന്‍റെ പ്രതിഫലനശേഷി കുറച്ച് ചൂട് വർധിപ്പിക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. വേഗതയും ദൂരക്കുറവും നൽകുന്ന ഐസ് സിൽക്ക് റോഡ് ആകർഷകമാണെങ്കിലും റഷ്യൻ നിയന്ത്രണം, കാലാവസ്ഥ, സുരക്ഷ, ചെലവ്, പരിസ്ഥിതി ആഘാതം എന്നിവ വലിയ വെല്ലുവിളികളായി തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുടിനുമായി മാത്രമല്ല, ഷി ജിൻ പിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തും
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 688 ആയി ഉയർന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല