
ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ പ്രതിസന്ധിയിലായ ചൈന, ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നയങ്ങള്‍ കര്‍ശനമാക്കുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറകളുടെ ബ്രാന്‍ഡായ ഡ്യൂറെക്‌സിന് ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയ്ക്ക് നല്‍കിവന്നിരുന്ന നികുതിയിളവുകള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതും, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് ഡ്യൂറെക്‌സിന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണം.
ബ്രിട്ടീഷ് കമ്പനിയായ റെക്കിറ്റ് ബെന്‍കീസറിന്റെ മുന്‍നിര ഉല്‍പ്പന്നമാണ് ഡ്യൂറെക്‌സ്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ചൈനയിലെ ഡ്യൂറെക്‌സിന്റെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനത്തിന്റെ ഇടിവുണ്ടായതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ചൈനയില്‍ 40 ശതമാനത്തിലധികം വളര്‍ച്ച നേടിയിരുന്ന ഡ്യൂറെക്‌സിന് ഇപ്പോഴത്തെ ഈ ഇടിവ് വലിയൊരു ആഘാതമാണ്.
ജനനനിരക്ക് കൂട്ടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ നയങ്ങളാണ് ഡ്യൂറെക്‌സ് പോലുള്ള ബ്രാന്‍ഡുകളെ നേരിട്ട് ബാധിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായിരുന്നിട്ടും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജനനനിരക്കിലെ കുറവും പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ചൈനയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ ജനിച്ചത് 79.2 ലക്ഷം കുട്ടികള്‍ മാത്രമാണ്. 2015-ലെ കണക്കുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് പകുതിയിലും താഴെയാണ്. ഇത് മറികടക്കാന്‍ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. 2016-ല്‍ ഒറ്റക്കുട്ടി നയം അവസാനിപ്പിച്ച ചൈന, 2021-ല്‍ മൂന്ന് കുട്ടികള്‍ വരെ ആകാമെന്ന നിയമം കൊണ്ടുവന്നു. ഇതിനുപുറമെ, മൂന്ന് വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും പ്രതിവര്‍ഷം 3,600 യുവാന്‍ സബ്‌സിഡിയായി നല്‍കുന്ന പുതിയൊരു പദ്ധതിയും കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യം ആരംഭിച്ചിട്ടുണ്ട്.
നികുതിയിളവുകള്‍ റദ്ദാക്കി, പരസ്യങ്ങള്‍ക്കും പൂട്ട്
ഈ പ്രോത്സാഹന നയങ്ങളുടെ ഭാഗമായാണ് ഗര്‍ഭനിരോധന ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിയമങ്ങളും സര്‍ക്കാര്‍ മാറ്റിയത്. 1993 മുതല്‍ ഗര്‍ഭനിരോധന ഉറകള്‍ക്ക് നല്‍കിവന്നിരുന്ന മൂല്യവര്‍ദ്ധിത നികുതി ഇളവുകള്‍ ഈ വര്‍ഷം ജനുവരിയോടെ ചൈന പൂര്‍ണ്ണമായും എടുത്തുകളഞ്ഞു. നിലവില്‍ 13 ശതമാനം വാറ്റാണ് ഇതിന് ഈടാക്കുന്നത്.
ഇതിനുപുറമെ ഇത്തരം ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍, ചൈനയിലെ ഏറ്റവും വലിയ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമായ ഡൊയിന്‍, ഗര്‍ഭനിരോധന ഉറകളുടെ ലൈവ് കൊമേഴ്സ് വില്‍പ്പനയ്ക്ക് ഫലത്തില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. പരസ്യങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ചൈനീസ് അധികൃതര്‍ കര്‍ശനമാക്കിയതോടെ ലൈവ് വീഡിയോകളിലൂടെയുള്ള പ്രൊമോഷനുകള്‍ അസാധ്യമായി. പുതിയ നിയമപ്രകാരം, ഇത്തരം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, മാഗ്‌നിഫൈഡ് സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതിനും, പരസ്യവാചകങ്ങളിലൂടെ ഉപഭോക്താക്കളുമായി സംവദിക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഡ്യൂറെക്‌സിന്റെ വില്‍പ്പന ഇടിയാനുള്ള പ്രധാന കാരണം ഈ പരസ്യ നിയന്ത്രണങ്ങളാണ്
പ്രതിസന്ധി താല്‍ക്കാലികമെന്ന് കമ്പനി
ചൈനീസ് വിപണിയില്‍ ഡ്യൂറെക്‌സിന് പകരം വെക്കാനില്ലാത്ത സ്ഥാനമാണുള്ളത്. വിപണിയുടെ 30 ശതമാനത്തിലധികവും റെക്കിറ്റ് ബെന്‍കീസറിന്റെ കൈകളിലാണ്. വളര്‍ന്നുവരുന്ന വിപണികളില്‍ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡ് കൂടിയാണ് ഡ്യൂറെക്‌സ്. വില്‍പന പ്രതീക്ഷിച്ചതിലും വളരെ മോശമാണെന്ന് കമ്പനി സിഇഒ ക്രിസ് ലിക്റ്റ് ഏപ്രിലില്‍ നടന്ന വരുമാന അവലോകന യോഗത്തില്‍ പറഞ്ഞിരുന്നു. നികുതി ഏര്‍പ്പെടുത്തിയതും എതിരാളികളുടെ ശക്തമായ പ്രൊമോഷനുകളുമാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ചൈനയിലെ ഡ്യൂറെക്‌സ് വില്‍പ്പനയിലുണ്ടായ ഇടിവ്, ഉയര്‍ന്നുവരുന്ന മറ്റ് വിപണികളിലെ റെക്കിറ്റ് ബെന്‍കീസറിന്റെ വളര്‍ച്ചയെയും സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷം 14.6 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം ആദ്യ പാദത്തില്‍ 7.6 ശതമാനമായി കുറഞ്ഞു. എന്നാല്‍, പരസ്യ നിയന്ത്രണങ്ങള്‍ വളര്‍ച്ചാ നിരക്കിനെ ബാധിച്ചിട്ടുണ്ടെങ്കിലും, ചൈനയില്‍ ഉല്‍പ്പന്നത്തിനുള്ള ആവശ്യകത പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ലെന്നാണ് റെക്കിറ്റ് ബെന്‍കീസര്‍ കമ്പനിയുടെ ഇപ്പോഴത്തെ വിലയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam