കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് പാകിസ്ഥാൻ. ആഗോള കാരണങ്ങളാൽ ഇന്ധനവില കുതിച്ചുയരുകയും പണപ്പെരുപ്പം 300% വരെ എത്തുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി. രാജ്യത്തിന്റെ സാമ്പത്തിക ഭാവി അനിശ്ചിതത്വത്തിലായതിനൊപ്പം ഓഹരി വിപണി തകരുകയും വിദേശ നിക്ഷേപം കുറയുകയും ചെയ്തു. ഇത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു.
ലോകത്തെ പിടിച്ചുലയ്ക്കുന്ന പുതിയ പണപ്പെരുപ്പ പ്രതിസന്ധി ജനജീവിതം പൂര്‍ണ്ണമായും ദുസഹമാക്കിയിരിക്കുകയാണ്. നമ്മുടെ അയൽ രാജ്യമായ പാകിസ്ഥാനില്‍ പെട്രോള്‍ വില ലിറ്ററിന് 450 പാക് രൂപ വരെ എത്തിയിരുന്നു. പിന്നീട് സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് 22 രൂപ കുറച്ചു. പാക്ക് മാധ്യമമായ 'ഡോണ്‍' റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഇന്ധനവില വെട്ടിക്കുറച്ചതിന് ശേഷം നിലവില്‍ പെട്രോളിന് 381 രൂപയും ഡീസലിന് 380 രൂപയുമാണ് വില. ഇന്ധനവില കുതിച്ചുയര്‍ന്നതോടെ മിക്കവരും കാറുകള്‍ നിരത്തിലിറക്കാതായിട്ട് മാസങ്ങളായി. ഒരു ഇരുചക്രവാഹനം പോലും കൊണ്ടുനടക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാര്‍.
വിലക്കയറ്റം 300%, ജീവിക്കാന്‍ വഴിയില്ല
അമേരിക്ക- ഇറാന്‍ പ്രശ്‌നങ്ങളും, സുപ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങളും ആഗോള ഊര്‍ജ്ജ വിപണിയിലുണ്ടാക്കിയ വലിയ തിരിച്ചടിയാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇന്ധനവില കൂടിയതോടെ ബസ് ചാര്‍ജും, ഭക്ഷണസാധനങ്ങളുടെ വിലയും ഉള്‍പ്പെടെ സര്‍വ്വതിനും വില കൂടി. രാജ്യത്തെ പണപ്പെരുപ്പം 300 ശതമാനത്തോളം ഉയര്‍ന്നതോടെ പാവപ്പെട്ടവരും ഇടത്തരക്കാരും നട്ടംതിരിയുകയാണ്.
സാമ്പത്തിക ഭാവി ഇരുളടയുന്നു
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ തുടരുകയും എണ്ണവില ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്താല്‍ പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ വീണ്ടും കൂപ്പുകുത്തും. വരുന്ന വര്‍ഷം പണപ്പെരുപ്പം ശരാശരി 9 മുതല്‍ 10 ശതമാനം വരെയാകുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. 2026 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇത് 11 ശതമാനം കടക്കാനും സാധ്യതയുണ്ട്. രാജ്യാന്തര വിപണിയില്‍ എണ്ണവിലയില്‍ 10 ഡോളറിന്റെ വര്‍ധനയുണ്ടായാല്‍, പാകിസ്ഥാനിലെ പണപ്പെരുപ്പ നിരക്കില്‍ 50 ബേസിസ് പോയിന്റിന്റെ വര്‍ധനവുണ്ടാകും. ഇതിനുപുറമെ, 2027 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 2.5 മുതല്‍ 3.0 ശതമാനം വരെ മാത്രമായിരിക്കുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ഉയര്‍ന്ന പണപ്പെരുപ്പം പാകിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയെ പൂര്‍ണ്ണമായും തളര്‍ത്തും.
തകര്‍ന്നടിഞ്ഞ് ഓഹരി വിപണി
ഇറാന്‍ യുദ്ധം തുടങ്ങിയതോടെ ലോകത്തിലെ തന്നെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഓഹരി വിപണിയായി പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മാറി. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, യുദ്ധം ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കെഎസ്ഇ-100 ഇന്‍ഡക്‌സ് ജനുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്നും 21 ശതമാനമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ 383 ദശലക്ഷം യുഎസ് ഡോളറിന്റെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്.


