ഇന്ത്യ-ചൈന അതിർത്തി തര്‍ക്കത്തില്‍ നിര്‍ണായക നീക്കം; കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റം പൂര്‍ണം

By Web TeamFirst Published Aug 6, 2021, 5:21 PM IST
Highlights

മേഖലയിലെ താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ ഇരുപക്ഷവും പൊളിച്ചു നീക്കി. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും മറ്റ് മേഖലകളിലെ തര്‍ക്കം തുടര്‍ ചർച്ചകളില്‍ പരിഹരിക്കാനും ധാരണയായി.

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ നിര്‍ണ്ണായ ചുവട് വയ്പായി ഗോഗ്ര മേഖലയില്‍ നിന്ന് ഇരു സൈന്യങ്ങളുടെയും സമ്പൂര്‍ണ്ണ പിന്മാറ്റം. സേനാമുന്നേറ്റം ഇനി ഉണ്ടാകില്ലെന്ന ധാരണയിലെത്തിയ ഇരു കൂട്ടരും താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റി. പന്ത്രട്ടാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ചയെ തുടര്‍ന്നാണ് നിര്‍ണ്ണായക നീക്കം.

കിഴക്കന്‍ ലഡാക്കിലെ ഗോഗ്രമേഖലയില്‍ പട്രോള്‍ പോയിന്‍റെ 17 എയില്‍ നിന്നാണ് ഇരു സൈന്യവും പിന്മാറിയത്. അഞ്ഞൂറ് മീറ്റര്‍ വ്യത്യാസത്തിലാണ് ഇവിടെ ഇരു കൂട്ടരും  നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ 31 ന് നടന്ന കമാന്‍ഡര്‍ തല ചര്‍ച്ചക്ക് പിന്നാലെ ഇന്നലെയും മിനിഞ്ഞാന്നുമായാണ് സേനകള്‍ പിന്മാറിയതെന്ന് കരസേന വാര്‍ത്താക്കുറിപ്പിലറിയിച്ചു. മേഖലയില്‍ നിന്ന് പിന്മാറിയ സൈന്യങ്ങള്‍ ബേസ് ക്യാമ്പുകളിലേക്ക് മാറി. ഇനി സേനാമുന്നേറ്റം ഉണ്ടാകില്ല. താല്‍ക്കാലിക ക്യാമ്പുകളും ഇരു കൂട്ടരും പൊളിച്ചുമാറ്റി. 

ഗാല്‍വാന്‍ താഴ്‍വര, പാംഗോഗ് നദിയുടെ തെക്ക് വടക്ക് തീരങ്ങള്‍ എന്നിവിടങ്ങളിലെ സമ്പൂര്‍ണ്ണ പിന്മാറ്റത്തിന് പിന്നാലെയാണ് ഗോഗ്ര മേഖലയില്‍ നിന്ന് ഇരു സൈന്യവും പിന്മാറിയത്. കഴിഞ്ഞ മെയ് മുതലാണ് ഗോഗ്രയില്‍ ഇന്ത്യ-ചൈന സേനകള്‍ നിലയുറപ്പിച്ചത്. ഇനി തര്‍ക്കം നിലനില്‍ക്കുന്നത് ദെസ്പാംഗ്, ഹോട്ട്സ്പ്രിംഗ് മേഖലകളിലാണ്.  ഇവിടെ നിന്നുള്ള പിന്മാറ്റമാവും  തുടര്‍ഘട്ടങ്ങളില്‍ ചര്‍ച്ചയാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!