
ബെയ്ജിംഗ്: അതിർത്തി കടന്ന് യാത്ര ചെയ്യുന്ന പൗരൻമാർക്ക് കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകി ചൈന. ആഗോളതലത്തിൽ കൊവിഡിനെതിരെയുള്ള വാക്സിനുകൾ നൽകുന്ന സാഹചര്യത്തിൽ, ബഹ്റിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനോടകം തന്നെ പൗരൻമാർക്ക് വാക്സിൻ സ്വീകരിച്ചു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ചൈന നൽകുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റിൽ വ്യക്തികൾ കൊവിഡ് വാക്സിൻ സ്വീകരിച്ചതിനെക്കുറിച്ചും കൊവിഡ് പരിശോധനാഫലങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ഉൾപ്പടുത്തിയിട്ടുണ്ടാകും. ചൈനയുടെ വിദേശ കാര്യമന്ത്രാലയത്തിന് കീഴിലുള്ള കോൺസുലർ അഫയേഴ്സ് വകുപ്പിന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.
വാക്സിനേഷനെ സംബന്ധിച്ച പരിശോധനയിലൂടെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ഈ സർട്ടിഫിക്കറ്റിന്റെ ലക്ഷ്യമെന്ന് വിദേശ കാര്യ മന്ത്രി വാങ് യി പറഞ്ഞു. അതേ സമയം കൊവിഡ് വാക്സിൻ സ്വീകരണത്തിന് ശേഷം ചൈനയിലെത്തുന്ന ആളുകളുടെ ക്വാറന്റീൻ സംവിധാനത്തിലെ ഇളവുകളെക്കുറിച്ച് യാതൊന്നും പരാമർശിച്ചിട്ടില്ല. കൊവിഡ് പകരാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ സമ്പർക്കവിലക്കിലെ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് വ്യക്തമാക്കിയിരുന്നു.