
ബെയ്ജിങ്: ലോക രാജ്യങ്ങളിൽ ആശങ്ക നിറച്ച് ചൈനയുടെ അസാധാരണ നീക്കം. തങ്ങളുടെ സമുദ്രമേഖലയ്ക്ക് മുകളിൽ വ്യോമപാത 40 ദിവസത്തേക്ക് നിയന്ത്രിച്ച നടപടി ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായി നൽകാറുള്ള 'നോട്ടാം' (NOTAM - Notice to Air Missions) ഇത്തവണ മെയ് ആദ്യവാരം വരെ നീളുന്നതാണ് പ്രതിരോധ വിദഗ്ധരെയും അയൽരാജ്യങ്ങളെയും അമ്പരപ്പിക്കുന്നത്. തായ്‌വാൻ കടലിടുക്കുമായി ബന്ധപ്പെട്ട ദീർഘകാല സൈനികാഭ്യാസങ്ങളുടെ ഭാഗമാണോ ഇതെന്ന ആശങ്കയിലാണ് അന്താരാഷ്ട്ര സമൂഹം. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായിട്ടാണ് ചൈന ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുള്ളത്.
ഇത്തവണ മാർച്ച് 27 മുതൽ മെയ് 6 വരെ നീളുന്ന നിയന്ത്രണമാണ് ചൈന സമുദ്രമേഖലയ്ക്ക് മുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇത്രയും നീണ്ട കാലാവധി അസാധാരണമാണെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് ഔദ്യോഗിക വിശദീകരണം നൽകാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല. തായ്‌വാൻ കടലിടുക്കിൽ നിന്ന് ഏറെ അകലെയുള്ള മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. തായ്‌വാന് സമീപമുള്ള ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം പെട്ടെന്ന് കുറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനായി 'നോട്ടാം' പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, സിവിൽ ഏവിയേഷൻ ഇതുവരെ തടസ്സപ്പെട്ടിട്ടില്ല.
വരാനിരിക്കുന്ന വലിയൊരു സൈനിക നീക്കത്തിന്റെ മുന്നോടിയാണ് ചൈനയുടെ അസാധാരമ നീക്കമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. തായ്‌വാൻ വിഷയത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വ്യോമാക്രമണ സാഹചര്യങ്ങൾ ചൈന കൃത്രിമമായി സൃഷ്ടിച്ചു പരിശീലിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ ലോകശ്രദ്ധ പതിഞ്ഞിരിക്കുന്ന സാഹചര്യം ചൈന മുതലെടുക്കുകയാണെന്നാണ് തായ്‌വാൻ ആരോപിക്കുന്നത്. അമേരിക്കൻ വിമാനവാഹിനിക്കപ്പലുകൾ നിലവിൽ പസഫിക് മേഖലയ്ക്ക് പകരം ഗൾഫ് മേഖലയിൽ വിന്യസിച്ചിരിക്കുന്നതും ചൈനയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam